വൈറ്റ് കളർ പാന്റും ചുവന്ന ഒരു ടി ഷർട്ടും ആണ് വേഷം.. തലയിൽ ഒരു കറുത്ത തൊപ്പിയുമുണ്ട്
തൊപ്പി വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു മുടിയൊക്കെ അഴിച്ചു ചുറ്റിനും ഇട്ടിട്ടുണ്ട്.. ഓടി വരുമ്പോൾ മുടിയൊക്കെ മുകളിലേക്ക് ചാടി കളിക്കുന്നു
നല്ല വെളുത്തു നീണ്ട ചെറിയ ഒരു മുഖം
മേക്കപ്പ് ഒന്നും തന്നെ ഇല്ലെന്ന് ദൂരെ നിന്ന് കാണുമ്പോഴേ അറിയാം.. കണ്ണെഴുതിയിട്ടുണ്ട്
അല്ലാതെ വേറൊന്നും ആ മുഖത്തു കാണാനില്ല
അവളെ നോക്കി കൈ കാണിക്കുന്ന അമിതയുടെ അടുത്ത് ഞാൻ മറ്റാരും കേൾക്കാതെ ചോദിച്ചു
“അവളുടെ പേരെന്താ…?
ഒരു ആക്കിയ ഭാവത്തോടെ അമിത എന്റെ മുഖത്തേക്ക് തന്നെ നോക്കി ചിരിക്കാൻ തുടങ്ങി
അമിത : എന്തിനാ ജോ.. ഈ ജാട പെണ്ണുങ്ങളുടെ പേരൊക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ…
“അത് പിന്നെ നിങ്ങടെയൊക്കെ പേരറിഞ്ഞില്ലേ… അല്ലേലിപ്പോ എന്താ.. ഒരു പേരല്ലേ ചോദിച്ചുള്ളൂ.. പറയാൻ പറ്റുമെങ്കിൽ പറ..”
കൈ രണ്ടും കെട്ടി ഞാനല്പം മാറി നിന്നു
എനിക്കറിയാമായിരുന്നു അവളെന്റെ അടുത്തേക്ക് വരുമെന്ന്.. ഊഹം തെറ്റിയില്ല അമിത മെല്ലെ എന്റെ അടുക്കലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു
അമിത : ചുമ്മാ ചെറിയ പിള്ളേരെപോലെ മാറി നിക്കല്ലേ ജോ….ഞാൻ പേര് പറയാം
“എന്നാ പറ..?
അമിത : അർഷിത… അർഷിതാ നന്ദകുമാർ
ആ പേര് മനസിലെവിടെയോ തട്ടിയപോലെ തോന്നി എനിക്കപ്പോ
അവളുടെ പേര് തന്നെ മനസ്സിൽ വെറുതെ ഉരുവിട്ടുകൊണ്ട് ഇരുന്നപ്പോഴേക്കും അർഷിത ഞങ്ങൾക്കരികിലേക്ക് എത്തിയിരുന്നു
കിതച്ചുകൊണ്ട് കമ്പിയിൽ പിടിച്ചു ശ്വാസമെടുക്കാൻ ശ്രമിക്കുകയാണ് അവൾ
ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് ബാക്കി എല്ലാവരും കണ്ടിരുന്നു.. അത് അഖിലെന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്
അർഷിത : സോറീടി… ATM തപ്പി കൊറേ നടന്നു… അടുത്ത് എങ്ങും ഇല്ല.. പിന്നെ വഴീ കണ്ട ഒരു അമ്മാവനോട് ചോദിച്ചു ATM കണ്ട് പിടിച്ചപ്പോ തന്നെ അടുത്ത ജംഗ്ഷൻ എത്തി… ഹോ.. എന്നാ ചൂടാ രാവിലെ
വാ തോരാതെ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണവൾ
സംശയം കേട്ടുകൊണ്ടിരിക്കാൻ തന്നെ ഒരു രസം തോന്നി