ആൽഫി പറഞ്ഞു.
” അല്ലാ എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്. മാതാ,പിതാ,ഗുരു,ദൈവം ടീച്ചർ മാരെ വായിനോക്കരുത്, അവരെ കുറിച്ച് അനാവശ്യം പറയരുതെന്ന് ഞങ്ങളെ ഉദേശിച്ച നീ ഇപ്പോ ആനിടീച്ചറെ വല്ലവനും കെട്ടി കൊണ്ട് പോകുന്നതും ഓർത്ത് വിഷമിക്കുന്നു കഷ്ടം.”
മനു പരിഹസിച്ച് കൊണ്ട് പറഞ്ഞു.
” ഇത് അതു കൊണ്ടുള്ള വിഷമം അല്ല..”
വിധു പറഞ്ഞു.
” പിന്നെ ? ”
ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.
” ആനി ടീച്ചർക്ക് അയാളെ ഇഷ്ടല്ല…”
” ആരെ ? പാപ്പിച്ചായനെയൊ ? ”
” അതെ ”
” അത് നിനക്കെങ്ങനെ അറിയാം ? ”
” ട്യുഷൻ എടുക്കുമ്പോൾ എന്നോട് പറഞ്ഞു. ”
” ആനി ടീച്ചറ് നിന്നോട് അങ്ങനെ പറഞ്ഞോ…?”
മനു ചോദിച്ചു.
” പറഞ്ഞു. ”
” പിന്നെന്തിനാ ടീച്ചറിപ്പോ കല്യാണത്തിന് സമ്മതം മൂളിയത്..? ”
ആൽഫി ചോദിച്ചു.
” മരിക്കുന്നതിന് മുൻപ് ആനി ടീച്ചറുടെ അച്ഛൻ ഒരുപാട് കടങ്ങളൊക്കെ വരുത്തി വച്ചിരുന്ന്. ചിലപ്പോ അത് വീട്ടാൻ വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് സമ്മതിച്ചതായിരിക്കും.”
” ശെരിയാ… അങ്ങനെയാകാനെ വഴിയുള്ളു. അല്ലാതെ ആനി ടീച്ചർ ഒരിക്കലും ആ പോങ്ങന് കഴുത്ത് നീട്ടി കൊടുക്കില്ല.”
മനുവും അതേ നിഗമനത്തോട് യോജിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ കല്യാണ ഒരുക്കണങ്ങൾ ഭംഗിയായി നടന്നുപോയി. വിധുവിന് ആനി ടീച്ചറെ കണ്ട് മനസ്സ് ഉരുകി മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആനി അവന് സംസാരിക്കാൻ ഒരു അവസരം കൊടുത്തില്ല. വിധു അടുത്തേയ്ക്ക് വരുമ്പോഴൊക്കെയും അവൾ ഒഴിഞ്ഞുമാറി കൊണ്ടിരിക്കുന്നു.
കല്യാണ തലേന്ന് സോഫി ടീച്ചർ ആനിയുടെ വീട്ടിൽ ചെന്നു. ആനിക്ക് അവരോട് നല്ല ദേഷ്യമുണ്ടെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.
” കല്യാണം ഉറപ്പിച്ച ശേഷം ആനി എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ…? ”
സോഫി പരിഭവം പറഞ്ഞു.