“വാഡാ ഗ്രൗണ്ടിലേക്ക് പോവാം , പിള്ളേര് എത്തിക്കാണും” സച്ചി പറഞ്ഞതും ഞങ്ങൾ ഗ്രൗണ്ടിലേക്ക് വിട്ടു.
വഴിയിൽ വച്ച് ചിന്നുവിനേയും ശ്രീക്കുട്ടിയേയും കണ്ടു.
“ആഹാ , രണ്ടും എങ്ങോട്ടാ?” വിക്കി ചിരിച്ചു.
“ക്ളാസല്ലേ?” ചിന്നു ആണ് മറുപടി തന്നത്.
ഞാൻ അപ്പോഴും ശ്രീക്കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ഒരു നീല ദാവണി ആണ് ആളുടെ വേഷം.
ഇടക്ക് അവൾ എന്നെയും നോക്കുന്നുണ്ടോ?
“ചിലപ്പോ ഞാനത് കൊതിക്കുന്നത് കൊണ്ട് തോന്നുന്നതാവും” (നവനീത് ആത്മഗതം)
“ഓഹ് , ക്ളബ്ബിലല്ലേ?” ശ്രീ അവിടെ ഉള്ള ഒരു കല്ലിൽ കയറി ഇരുന്നു.
ഞങ്ങളുടെ നാട്ടിലെ ക്ളബ്ബ് കൗമാരക്കാർക്കായി ഇന്നൊരു ക്ളാസ് സംഘടിപ്പിച്ചിട്ടുള്ളതിന്റെ കാര്യമാണ് അവര് സംസാരിക്കുന്നത്.
“അല്ല , കോറം തെകഞ്ഞില്ലല്ലോ? മാളു എവിടെ?” അവരെ മൂന്നിനേയും സാധാരണ ഒരുമിച്ചേ കാണാറുള്ളൂ. അതാവും സച്ചി അങ്ങനെ ചോദിച്ചത്.
“അവക്ക് വയ്യ , വീട്ടിലാ. ഞങ്ങള് പോട്ടെ , വൈകി” നടക്കാൻ തുടങ്ങിയ ശ്രീക്കുട്ടി ആണ് അത് പറഞ്ഞത്.
പോകുന്നതിന്റെ ഇടയിൽ അവൾ എന്നെ തിരിഞ്ഞ് നോക്കിയോ!?
ഞാൻ അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് അവരുടെ പോക്കും നോക്കി നിന്നു.
“അല്ല കിച്ചുവേട്ടാ , പ്രാക്റ്റീസ് തുടങ്ങണ്ടേ? , ഉത്സവം ഇങ്ങെത്തീലെ?” കുറച്ച് മുന്നിലേക്ക് പോയ ശേഷമാണ് ചിന്നു ചോദിച്ചത്.
“ആഹ് ശരിയാ തുടങ്ങണം”
“നിങ്ങളിപ്പൊ ചെല്ല് , അതൊക്കെ സെറ്റാക്കാം” വിക്കി ഗ്രൗണ്ടിൽ എത്താനുള്ള തിരക്കിൽ പറഞ്ഞ് നടന്നു.
“ആ ശരി”
എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് അവരും പോയതോടെ ഞങ്ങൾ വിക്കിക്ക് പിറകെ ഗ്രൗണ്ടിലേക്ക് നടന്നു.
ഞങ്ങളുടെ നാട്ടിലെ ഉത്സവമാണ് അടുത്ത ്് ആഴ്ച. അതിന് അവതരിപ്പിക്കാനുള്ള പരിപാടിയുടെ കാര്യമാണ് ചിന്നു ഓർമിപ്പിച്ചത്.
സങ്ങതി വെറൈറ്റിയാണ്. ശ്രീയുടെ മ്യൂസിക്കും , വിക്കിയുടെ ലൈറ്റിങ്ങും , എന്റെ അത്യാവശ്യം വരയും ആനിമേഷനുമാണ് മെയിൻ. ഇതിന്റെ ഒപ്പം ശ്രീക്കുട്ടിയുടേയും , മാളുവിന്റേയും ചിന്നുവിന്റേയും ഡാന്സും ഉണ്ട്. ഇത് എല്ലാം നിയന്ത്രിക്കുന്ന ക്യാപ്റ്റൻ വേറെ ആരുമല്ല , ഞങ്ങളുടെ സച്ചിയാണ്.
ഇതൊക്കെ പറഞ്ഞ് ഗ്രൗണ്ടിൽ എത്തിയത് അറിഞ്ഞില്ല. നമ്മുടെ പ്രധാന കളിക്കാരെല്ലാം എത്തിയിട്ടുണ്ട്. ഫുഡ്ബോൾ എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അതിന് രക്തത്തിൽ കലർന്ന ഭ്രാന്ത് എന്നുകൂടി അർത്ഥമുണ്ട് 🙂.