“ആഹ് പിന്നേ , നമ്മടെ ടീമിന് ഒരു പേര് വേണ്ടെ? സജിയേട്ടൻ ചോദിച്ചു” കുറച്ച് നേരത്തിന് ശേഷം എന്തോ ഓർത്ത്ത് ശ്രീ ചോദിച്ചു.
“അത് ശരിയാ , നോട്ടീസ് അടിക്കണ്ടേ?” ഞാനും ചോദിച്ചു.
“നമ്മടെ ടീമിന് നേരത്തേ ഒരു പേരുള്ളതല്ലേ , ഫീൽഡ് ഇലവൻ , പിന്നെന്തിനാ വേറെ പേര്?” വിക്കിയുടേതായിരുന്നു സംശയം.
“ഹലോ മിഷ്ട്ടർ നമ്മള് ഫുഡ്ബോൾ കളിയുടെ കാര്യമല്ല പറയുന്നത്” അവനെ കളിയാക്കാൻ കിട്ടിയ അവസരം വിട്ടുകളയാൻ മാത്രം നന്മ ശ്രീയുടെ പാവം മനസ്സിന് ഉണ്ടായിരുന്നില്ല.
“അത് കറക്റ്റ്. അല്ലെങ്കിലും ഉത്സവപ്പറമ്പിൽ എവിടെ ഫുഡ്ബോള് കളിക്കും , കാണാൻ വരുന്ന നാട്ടുകാരുടെ നെഞ്ചത്താ?” സച്ചിയും കൂടി ചോദിച്ചപ്പോൾ വിക്കി നീറ്റായി ഇളിച്ചു കാട്ടി 😄
“ഉത്സവത്തിന് ഒരാഴ്ചയേ ഉള്ളൂ , ഇനിയും നോട്ടീസ് പോലും അടിച്ചിട്ടില്ല , സജിയേട്ടനാണ് താരം സെക്രട്ടറി ആയാ ഇങ്ങനെ വേണം” ഞാൻ ചിരിച്ചു.
“ഹാ അത് വിട് , പേര് ്് സെറ്റാക്കാം” സച്ചി വീണ്ടും ഓൺ ആയി.
“എന്ത് പേരിടും?” ചോദിച്ചത് ശ്രീ ആണെങ്കിലും അത് തന്നെയായിരുന്നു ഞങ്ങളുടേയും സംശയം.
“വല്ല സ്മാർട് ബോയ്സ് ്് എന്നെങ്ങാനും ഇട്ടാലോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല.
“ആഹാ , ഇതുവരെ കേൾക്കാത്ത നല്ല ഫ്രഷ് പേര് എന്റെ പൊന്നെടാ ഇതൊക്കെ എങ്ങനെ!?” സച്ചി ചിരി തുടങ്ങി.
“ആക്കിയതാണല്ലേ?” വേണ്ടായിരുന്നു.
എല്ലാവരും കൂലങ്കഷമായ ചിന്തയിലാണ്ടു.
“ഇതിപ്പോ ഒരു ഐറ്റം അവതരിപ്പിക്കുന്നതിനേക്കാൾ പണിയാണല്ലോ” സച്ചി ആത്മഗതിച്ചതാണ് പക്ഷെ അൽപം ഉറക്കെ ആയിപ്പോയി😈
“ആഹ് ഒരു പേരുണ്ട്” ഞങ്ങളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് കുറച്ച് നേരത്തിന് ശേഷം അങ്ങനെയാണ് വിക്കി മൊഴിഞ്ഞത്.
“എന്ത് പേര്?” ഞങ്ങളുടെ ചോദ്യം ഒരുമിച്ചായിരുന്നു.
“ഡാ , ഈ ഭീമന്റെ ചോട്ടിലല്ലാതെ നമ്മൾ ഒരുമിച്ച് കൂടാറുള്ള സ്ഥലമേതാ?”
“നമ്മുടെ തോടിന്റെ കര” അവന്റെ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
“ങാ അത് തന്നെ”
“അതിന്?” സച്ചിയുടെ ചോദ്യത്തിൽ തികഞ്ഞ ആകാംക്ഷ.
“അപ്പൊ അതുമായി ബന്ധമുള്ള എന്തേലും ്് പേരായാ എങ്ങനെ ണ്ടാവും?”