അപ്പോഴേക്കും അവർ നാല് പേരും അവിടെ എത്തിയിരുന്നു.
“നിർത്തെടാ” തല്ല് കൂടുന്ന രണ്ട് പേരേയും പിടിച്ച് മാറ്റി നവനീത് അവർക്ക് ഇടയിൽ കയറിനിന്നു.
“എന്താടാ പ്രശ്നം?” മനുവിനോടായി വിക്കി ചോദിച്ചു.
“കളി തോക്കാറായപ്പോ ഈ പന്നി സ്റ്റമ്പ് ഊരിക്കൊണ്ടുപോവാൻ നോക്കി. അത് ചോദിച്ച കണ്ണനെ ദാ അവൻ തള്ളിയിട്ടു” ഷിയാസിന്റെ കൂടെ നിന്നിരുന്ന വേറൊരു പയ്യനെ ചൂണ്ടിയാണ് മനു അവസാനത്തേത് പറഞ്ഞത്.
“ഡാ മൂങ്ങെ , സ്റ്റമ്പ് ഊരുന്നതും ഊരാത്തതും ഞങ്ങടെ സൗകര്യം. അതില് കേറി ചൊറിയാൻ നീയൊന്നും ആയിട്ടില്ല” ഞങ്ങളുടെ നേരെ ചീറുകയാണ് ഷിയാസ്.
“അല്ല ഷിയാസെ തോക്കാറാവുമ്പോ ഇമ്മാതിരി പണി കാണിച്ചാ ആരായാലും ചോദിക്കൂലെ?”
“ഫ്ഭ അത് പറയാൻ നീയേതാടാ” പറഞ്ഞതിന്റെ ഒപ്പം തന്നെ അവന്റെ കൈ മുന്നോട്ട് വന്ന ശ്രീയുടെ കവിളിൽ വീണിരുന്നു.
പ്രതീക്ഷിക്കാതെയുള്ള ആ അടിയിൽ അവൻ ചെറുതായി വേച്ചു പോയി.
“പട്ടി***_-#@” വിളിച്ചതിന്റെ കൂടെ സച്ചിയുടെ കാൽ ഷിയാസിന്റെ വയറിന്റെ മേൽ ശക്തമായി പതിച്ചു.
ഷിയാസ് വീണത് കണ്ട അവന്റെ കൂട്ടുകാർ മുന്നോട്ട് വന്നു.
പിന്നെ ഞങ്ങൾക്ക് നോക്കിനിൽക്കാൻ ആകുമോ? ഒന്നാമതെ ഒരു തെറ്റും ചെയ്യാത്ത നമ്മടെ പിള്ളാരെ തല്ലി , അതിനും പുറമെ ഒരു കാര്യവുമില്ലാതെ ശ്രീയുടെ ദേഹത്ത് കൈയ്യും വച്ചു 🥵😤🥵😤🥵
പിന്നീട് അവിടെ നടന്നത് ഒരു കൂട്ടത്തല്ലായിരുന്നു.
ഷിയാസിന്റെ ഒപ്പം അഞ്ചാറ് പേര് ഉണ്ടായിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും സച്ചിക്ക് പുറകെ ഞങ്ങളും ഫോമിലേക്ക് വന്നതോടെ കണ്ണും കൈയ്യുമില്ലാത്ത രീതിയിലേക്ക് തല്ല് മാറി.
“ഡാ കിച്ചൂ , പിടിയടാ അവനെ” അതിന്റെ ഇടയിൽ ഓടാൻ നോക്കിയ ഷിയാസിന്റെ സുഹൃത്തിനെ ചൂണ്ടി വിക്കി വിളിച്ചുപറഞ്ഞു.
വയലിലിട്ട് കിട്ടിയ എല്ലാത്തിനേയും ഞങ്ങൾ ്് ചവിട്ടിക്കൂട്ടി.
സംഭവം കൈവിട്ട് പോവുമെന്ന് തോന്നിയപ്പോൾ ആരൊക്കെയോ ചേർന്ന് എല്ലാരേയും പിടിച്ചുമാറ്റി.
“ഡാ അവൻ രവിയേട്ടന്റെ മോനാ” സച്ചിക്ക് നേരെ ആക്രോശിച്ച് വന്ന ഒരാളോട് കൂട്ടത്തിലെ ഒരാൾ പറഞ്ഞു. അത് കേട്ട് അയാൾ പുറകിലേക്ക് വലിഞ്ഞു.
“പറയാനുള്ളത് പറഞ്ഞിട്ട് പോഡോ , അച്ഛന്റെ പേരില് മടിക്കണ്ടാ. ഞങ്ങളാരേയും ചുമ്മാ തല്ലിയതല്ല , കൂട്ടത്തിലുള്ളവനെ തൊട്ടാ മിണ്ടാതെ കൈയ്യും കെട്ടി നിൽക്കില്ല , അതിപ്പോ ആരോടായാലും”