സാരംഗിയുടെ മുടിയിൽ തഴുകിക്കൊണ്ട് ശിവ പറഞ്ഞു.
അതു കേട്ട് സാരംഗി പയ്യെ ശിവയുടെ മടിയിൽ തല വച്ചു കിടന്നു.
എന്തൊക്കെയൊ ഓർമ്മകൾ അവളെ അലട്ടിക്കൊണ്ടിരുന്നു.
—————————————————-
ആന്റിയമ്മയുടെ കൂടെ 2 ദിവസത്തെ സഹവാസത്തിന് ശേഷം സാരംഗി തിരികെ സാൻഫ്രാൻസിക്കോയിലേക്ക് യാത്ര തിരിച്ചു.
വഴിയിൽ ഓരോ മണിക്കൂർ ഇടവിട്ട് മഞ്ഞ് നീക്കം ചെയ്യുന്നതിനാൽ ഡ്രൈവിംഗ് ഒക്കെ ആയാസരഹിതമായിരുന്നു.
ഇടക്കിടക്ക് ഇമമ്മയുടെ കാൾ അവളെ തേടിയെടുത്തുന്നുണ്ടായിരുന്നു.
താൻ എവിടെ പോയാലും ഇമമ്മയ്ക്ക് അന്നും ഇന്നും വലിയ ആധിയാണ്.
സാരംഗി ചിരിയോടെ ആക്‌സിലേറ്ററിൽ കാൽ അമർത്തി.
ചിലയിടങ്ങളിൽ മഞ്ഞു വീണു ദുർഘടമായ പാതകളിലൂടെ അവൾ സൂക്ഷ്മതയോടെ കാർ ഓടിച്ചു.
വേഗം തന്നെ വീട്ടിൽ എത്തി ചേരുവാൻ അവൾക്ക് ധൃതിയായി.
നീണ്ടു നിവർന്ന് കിടക്കുന്ന എക്സ്പ്രെസ് ഹൈവേയിലൂടെ കാർ പാഞ്ഞു പോകവേ അങ്ങു ദൂരേയായി ഒരു മനുഷ്യൻ അവളുടെ കാറിന് നേരെയായി കൈനീട്ടി.
സാരംഗി ആ മനുഷ്യനെ ഗ്ലാസ്സിലെ ഫോഗ് തുടച്ചു മാറ്റിക്കൊണ്ട് നോക്കി.
കറുത്ത് കുറിയനായ രൂപം.
മുഖത്തു വെളുത്ത പൌഡർ പോലെ എന്തോ തേച്ചു വച്ചിരിക്കുന്നു.
നീണ്ടു കിടക്കുന്ന ജട പിടിച്ച മുടി.
കഴുത്തിൽ രുദ്രാക്ഷ മാലകൾ കാണാം.
അരയിൽ ലങ്കോട്ടി പോലെ ഒരു ഉടയാട മാത്രം.
ദേഹം മൊത്തം വെളുത്ത പൗഡർ പൂശിയിട്ടുണ്ട്.
കയ്യിലുള്ള വടിയുടെ തുഞ്ചത്ത് ഒരു തലയോട്ടി കാണാം.
അത് കണ്ടപ്പോഴേ സാരംഗിയ്ക്ക് എന്തോ പോലെ തോന്നി.
അതൊരു അഘോരി ആയിരുന്നു.
ഈ കോലമുള്ളവർ നോർത്ത് ഇന്ത്യയിൽ ധാരാളമായുണ്ടെന്നത് യൂട്യൂബിൽ കണ്ടത് അവൾ ഓർത്തു.
അഘോരി കൈ നീട്ടിയിട്ടും അത് കാണാത്ത മട്ടിൽ അവൾ കാർ നിർത്താതെ ഓടിച്ചു.
അയാളെ മറി കടന്നതും എന്തെന്നില്ലാത്ത ഒരു ആശ്വാസം സാരംഗിയ്ക്ക് തോന്നി.
250 മീറ്റർ കൂടി കഴിഞ്ഞതും മറ്റാരോ കൂടി തന്റെ കാറിന് നേരെ കൈ വീശുന്ന പോലെ സാരംഗിയ്ക്ക് തോന്നി.
അവൾ മുന്നിലേക്ക് സൂക്ഷിച്ചു നോക്കി.
അവിടെ തൊട്ട് മുന്നിലായി അതേ അഘോരി സന്യാസി തന്നെ നിൽക്കുന്നുണ്ട്.
കൊടും തണുപ്പിൽ ജാക്കറ്റോ തണുപ്പിനെ പ്രതിരോധിക്കുന്ന ഡ്രെസോ ഒന്നുമില്ലാതെ നിൽക്കുന്ന അഘോരിയെ കണ്ടു അവളുടെ ശ്വാസം നിന്നു.