” എന്നാലും ഈ പെണ്ണൊക്കെ ഇവനെയൊക്കെ എന്ത് കണ്ടിട്ടാണോ നോക്കിയത്… ”
എൻ്റെ കോപ്രായങ്ങൾ കണ്ടോണ്ട് നിൽക്കുന്ന നന്ദു ശ്രീയെ നോക്കി പറഞ്ഞു…അതിനവൻ എന്നെ നോക്കി ഒരു ആക്കിയ ചിരികൂടി പാസ്സാക്കിയതോടെ ഞാൻ നന്ദുവിൻ്റെ കാലിന് നോക്കി ഒരു ചവിട്ട് കൊടുത്തു…അപ്പോഴായിരുന്നു അങ്ങോട്ടേക്ക് ദേവനന്ദ അതായത് എൻ്റെ ഒരു അമ്മാവൻ്റെ മോളുടെ എൻഡ്രി…വകയിൽ ഒരു മൊറപ്പെണ്ണായി വരും…
” ഹലോ മോനെ ഇവിടുണ്ടായിരുന്നോ…ഞാൻ കുറേ തിരഞ്ഞു… ”
എൻ്റെ അടുത്തെത്തിയതും തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് എൻ്റെ തോളിലൂടെ കൈയ്യിട്ട് അവൾ ചോദിച്ചു…പ്രായത്തിൽ ഒരു രണ്ട് വയസ്സ് ഇളയത് ആണെങ്കിലും അതിന്റെ ബഹുമാനമൊന്നും ലവളെനിക്ക് തരിറില്ല…കാരണം ഞങ്ങൾ നല്ല കൂട്ടായിരുന്നു…
” ഹാ ഇതാര്…ഇതെവിടുന്ന് പൊങ്ങി…വീട്ടിൽ കണ്ടിലെല്ലോ… ”
ഞാൻ അവളെ കണ്ട സന്തോഷത്തിൽ വിവരം തിരക്കി…ഒപ്പം പിള്ളേരേയും അവളേയും പരസ്പരം പരിചയപെടുത്തി…ഇതൊക്കെ മുകളിൽ ഇരിക്കുന്ന നമ്മുടെ ആള് വീക്ഷിക്കുന്നുണ്ട്…
” ഇറങ്ങാൻ ഇച്ചിരി വൈകിയത് കൊണ്ട് ഞങ്ങൾ ഇങ്ങോട്ടേക്ക് തന്നെ തിരിച്ചെടാ ആദ്യം…അല്ല നീ ആള് മാറിയല്ലോ…ഗ്ലാമറായിട്ടുണ്ടല്ലോ… ”
” ഒന്ന് പോടി….നിനക്ക് വട്ടാ… എന്നിട്ട് നിന്റെ തന്തപടിയും മാമിയും ഒക്കെ എവിടെ… ”
ഞാൻ അവളോട് വിശേഷങ്ങൾ തിരക്കി കാരണം കുറച്ചായി ഇവളെ ഇങ്ങനെ കണ്ടിട്ട്…അതോടെ അവളവളുടെ തന്തയെ ചൂണ്ടി കാണിച്ചു തന്നു…ഞാൻ പുള്ളിയെ നോക്കി ഒരു സലാം പറഞ്ഞു…അങ്ങനെ അവളോട് വിശേഷം പങ്കുവയ്ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് നമ്മുടെ ആളിനെ ഒളിങ്കണ്ണിട്ട് നോക്കും…ചേട്ടത്തിയെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നതെങ്കിലും നോട്ടം ഇങ്ങോട്ടേക്കാ….അപ്പോഴേക്കും ചടങ്ങും തുടങ്ങിയിരുന്നു…അതോടെ മോതിരം മാറ്റവും കല്ല്യാണ തീയതി തീരുമാനിക്കുന്നതൊക്കെ തകൃതിയായി നടന്നു…അപ്പോഴും ദേവു എൻ്റെ ഒപ്പം തന്നെയായിരുന്നു…ഇടയ്ക്ക് നന്ദുവും ശ്രീയും ദിവ്യയെ മൈൻ്റാക്കി സംസാരിക്കുന്നത് കണ്ടു…ഒടുക്കം കഴിക്കാൻ ഇരുന്നപ്പോഴും ദേവു എൻ്റെ തൊട്ടടുത്തിരുന്നു…ഇതൊന്നും ദിവ്യയ്ക്ക് ദഹിക്കുന്നില്ല എന്നത് ചിലസമയത്തെ അവളുടെ നോട്ടത്തിൽ എനിക്ക് തോന്നി…ഞങ്ങൾ അവസാനം ആയിരുന്നു കഴിക്കാൻ ഇരുന്നത് ചെക്കനും പെണ്ണിനും ഒപ്പം… അതുകൊണ്ട് തന്നെ ചേട്ടത്തിയുടെ വാലിൽ തൂങ്ങി ദിവ്യയും ഞങ്ങടെ ടേബിളിന്റെ ഓപ്പസിറ്റ് ടേബിളിൽ ഉണ്ടായിരുന്നു…കഴിച്ചു കൊണ്ടിരിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഞാൻ അവളേയും അവളെന്നേയും നോക്കുന്നുണ്ട്… പരസ്പരം കണ്ണുടക്കിയാൽ അപ്പൊ ശ്രദ്ധ മാറ്റും…ഇതൊക്കെ വേറെ ആരും ശ്രദ്ധിച്ചില്ലെങ്കിലും ചേട്ടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അല്ലെങ്കിലും ബിരിയാണിക്കു മുന്നിൽ ഞങ്ങളുടെ റൊമാൻസിനെന്ത് വില… അതുകൊണ്ട് ബാക്കിയുള്ളവരൊക്കെ നല്ല പോളിംഗ് ആയിരുന്നു…അങ്ങനെ കഴിച്ചോണ്ട് നിൽക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ബന്ധുക്കളുടെ കൂട്ടത്തിൽ നിന്നും അച്ഛനും അമ്മാവനും (ദേവുവിൻ്റെ അച്ഛൻ ) ഞങ്ങളെ നോക്കി ഒരു കമൻ്റടിച്ചു…