എന്നെ മുഖം ഉയർത്തി നോക്കി ദിവ്യ അത് പറഞ്ഞപ്പൊ ഒരു നിമിഷം ഞാൻ അവളുടെ നോട്ടത്തിൽ സ്വയം അലിഞ്ഞ് ഇല്ലാതായി…കിളി പോയീന്ന് സിംപിൾ ആയി പറയാം…
” സത്യാ… ഒരുപാട് ഇഷ്ടാ…ൻ്റെ ജീവനാ…എനിക്കറിയാർന്നു എന്നെ ഇഷ്ട്ടാന്ന് അത് ഈ വായീന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ ഇത്ര ദിവസം വിട്ടു നിന്നത്…പിന്നെ അന്ന് കോളേജിൽ വെച്ച് അങ്ങനെ കണ്ടപ്പൊ സങ്കടോം…ദേഷ്യോം…ഒക്കെ ഉണ്ടായി…അതാ ഞാൻ അന്ന് സംസാരിക്കാൻ വന്നപ്പൊ കൈയിൽ പിടിച്ചപ്പൊ അങ്ങനെ പറഞ്ഞെ… അറിയാതെ പറഞ്ഞു പോയതാ…അപ്പൊ തന്നെ എൻ്റെ കരണം നോക്കി ഒന്നു തന്നൂടാർന്നോ…കാരണം കോളേജിൽ അന്ന് എല്ലാവരുടേയും മുന്നിൽ വെച്ച് ആ നെഞ്ചിൽ കെടന്ന് തേങ്ങിയ പെണ്ണാണ് അത് പറഞ്ഞത് എന്നുള്ളത് കൊണ്ട്… ”
അവൾ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ച് എന്നെ നോക്കി സങ്കടഭാവത്തിൽ പറയുന്നത് കണ്ട് ഉള്ള് നീറി പുകഞ്ഞെങ്കിലും ഞാൻ ഒന്നും പ്രതികരിക്കാതെ അവളന്ന് രാത്രി നിന്നത് പോലെ നിന്നു…
” അന്ന് രാത്രി വീട്ടിൽ വന്ന് പറയും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല…ആകെ പേടിച്ച് പോയി…പിന്നെ ഒരുപാട് കൊതിച്ച എന്നെ ഇഷ്ടമാണെന്നുള്ള വാക്കുകൾ കൂടി കേട്ടപ്പോൾ ആകെ ഞാൻ നിന്ന് ഉരുകുകയായിരുന്നു…അന്ന് രാത്രി എന്നോട് പറഞ്ഞില്ലെ എന്നെ ഒരുപാട് ഇഷ്ടാണ് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ വെച്ച് ഭഗവാനോട് ജീവിത കാലം മുഴുവനും കൂടെ വേണം എന്ന ആഗ്രഹത്തെ പറ്റി പ്രാർത്ഥിച്ചു എന്ന്…ഞാനും പ്രാർത്ഥിച്ചിരുന്നു അന്ന്..വെറുമൊരു ആഗ്രഹമല്ല നീയിലെങ്കിൽ ഈ ജീവിതമേ വേണ്ടെന്ന്….അത്രയ്ക്ക് ഇഷ്ടപ്പെട്ട് പോയി…എപ്പോഴാണെന്നോ…എന്തിനാണെന്നോ… ഒന്നും അറിയില്ല…തൻ്റെ കൂടെ ഉണ്ടാവുമ്പോ സന്തോഷിക്കുമ്പോലെ ഞാൻ വെറെ ഒരിക്കലും സന്തോഷിച്ചിട്ടില്ല എൻ്റെ മരിച്ചുപോയ അമ്മയാണെ സത്യം… ”
പറഞ്ഞ് തീർന്നതും ഒരു തേങ്ങലായിരുന്നു…മഴ കാരണം ഒരാൾ പോലും അങ്ങോട്ട് വന്നില്ല…അവളുടെ തേങ്ങലിൻ്റെ ശബ്ദം പോലും ഞാനല്ലാതെ മറ്റൊരാളും കേൾക്കരുതെന്ന് മഴയ്ക്കും വാശിയുള്ളത് പോലെ തകർത്ത് പെയ്യുകയായിരുന്നു…എൻ്റെ പെണ്ണിന് എന്നോടുള്ള അണപ്പൊട്ടിയ സ്നേഹം കണ്ടപ്പൊ ലോകത്ത് ഇപ്പൊ ഏറ്റവും ഭാഗ്യവാൻ ഞാനാണ് എന്ന് എനിക്ക് തോന്നി…അല്ലെങ്കിൽ ഒരു ചുരുങ്ങിയ കാലയളവിൽ ഞാൻ സ്നേഹിക്കുന്നത്തിൻ്റെ എത്രയോ ഇരട്ടി മടങ്ങ് എന്നെ സ്നേഹിക്കുന്ന ഒരു പാതിയെ എനിക്ക് കിട്ടുമോ…. അതുകൊണ്ട് തന്നെ കൂടുതൽ എനിക്കും പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല…എൻ്റെ മുന്നിൽ നിന്ന് തേങ്ങുന്ന ദിവ്യയുടെ താഴ്ന്ന മുഖം ഞാൻ കൈക്കുള്ളിൽ കോരിയെടുത്തു…അപ്പോഴും ആ കലങ്ങിയ കണ്ണുകളിൽ എന്നോടുള്ള അളവില്ലാത്ത സ്നേഹം എനിക്ക് കാണാർന്നു…