ഞാൻ മെല്ലെ എന്റെ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു സിഗ്നൽ കൊടുത്തു, അമ്മയും അവള് നടന്നു വരുന്ന ഭാഗത്തേക്ക് നോക്കി, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു, അമ്മയുടെ പ്രതികരണം എന്തെന്ന് അറിയാൻ.
ഞാനും അമ്മയും നോക്കി നിൽക്കേ അവൾ ഞങ്ങളെ ഒന്നും ശ്രദ്ദിക്കാതെ അമ്പലത്തിലേക്ക് കയറി, ‘അമ്മ ഒരു നിറ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കി, അതെ എന്റെ അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമായി, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം വേറെ ഇല്ല.
പിന്നെ അധികം താമസമൊന്നുമില്ലാതെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു, പ്രിയയുടെ വീട്ടുകാർക്ക് ഞങ്ങളുടെ പ്രൊപോസൽ ഒരു ലോട്ടറി പോലെ ആയിരുന്നു, എന്റെ വീട്ടുകാർക്ക് സാമ്പത്തിക അന്തരം അല്ലാതെ അവരുമായി ബന്ധം കൂടുന്നതിൽ വേറെ എതിർപ്പൊന്നും ഇല്ലായിരുന്നു, നല്ല തറവാട്ടുകാരും, അഭിമാനികളുമാണ് പ്രിയയുടെ കുടുമ്പം.
നമ്മുടെ ഇടയിലുള്ള വലിയ സാമ്പത്തിക അന്തരം എന്റെ കുടുംബക്കാരിൽ ചിലർ ഗൗരവമായി ചൂണ്ടിക്കാണിച്ചിരുന്നു, പക്ഷെ എന്റെ ഇഷ്ടം മനസ്സിലാക്കിയ എന്റെ ‘അമ്മ അവരെയൊക്കെ മാന്യമായ രീതിയിൽ അവരെ മുഷിപ്പിക്കാതെ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, “നല്ല ഐശ്വര്യമുള്ള കുട്ടിയാണ് പ്രിയ, അതുപോലെ നല്ല അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും, എല്ലാത്തിലുമുപരി എന്റെ മകന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചു കഴിഞ്ഞു, അവനു അതാണ് ഇഷ്ടമെങ്കിൽ അത് നടക്കട്ടെ, ബാക്കി എല്ലാം ദൈവ വിധി പോലെ” .
കല്യാണ ദിവസം രാത്രി അയല്പക്കത്തെ സ്ത്രീകൾ എന്റെ വീടിന്റെ അടുക്കളയിൽ ഇരുന്നു കുശുകുശുക്കുന്നതു ഞാൻ കേട്ടു
“പ്രിയ ശരിക്കും ഭാഗ്യവതിയാണ്, അല്ലേൽ ഇത്രേം വല്യ വീട്ടിലേക്കു അതും പ്രദീപിനെ പോലെ നല്ല ഒരു ചെറുക്കനെ അവൾക്കു കിട്ടുമോ”
പക്ഷെ ആ നിമിഷത്തിൽ എനിക്ക് തോന്നിയത് ഞാനാണ് ഭാഗ്യവാൻ എന്നാണ്, നല്ല സ്നേഹമുള്ള അച്ഛനും അമ്മയും, ഉയർന്ന സാമ്പത്തിക നില, നാട്ടിൽ ഞങ്ങൾക്കുള്ള സ്ഥാനവും ബഹുമാനവും, ഇക്കാലമത്രയും ജീവിതത്തിൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ഇതിലെല്ലാത്തിലുമുപരി എനിക്കു ആദ്യമായി ആഗ്രഹം തോന്നിയ പെണ്ണിനെ ഒരു പ്രയാസവും ഇല്ലാതെ പെട്ടെന്ന് തന്നെ എനിക്ക് ഭാര്യയായും കിട്ടി!!