എന്നും എന്റേത് മാത്രം 5
Ennum Entethu Maathram Part 5 | Author : Robinhood
Previous Part
ഹായ് ഫ്രണ്ട്സ് ,
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്
എന്നും എന്റേത് മാത്രം
* * * * *
ഉച്ച വെയിലിന് കട്ടി പൊതുവെ കുറവായിരുന്നു. ഡ്രീംസ് ക്ളബ്ബിന്റെ അകത്ത് ഹാളിൽ നിന്ന് മൈക്കിന്റെ ശബ്ദം കേൾക്കാം.
ലഹരിവിരുദ്ധ കൂട്ടായ്മ എന്ന് എഴുതിയ വലിയ ബാനറിന്റെ താഴെയായി സ്റ്റേജിൽ കുറച്ചു പേരെ കാണാം.
“അതുകൊണ്ട് , എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , സഹോദരി സഹോദരന്മാരേ , കുട്ടികളേ , നിങ്ങളുടെ ജീവിതത്തിൽ നിന്ന് ലഹരിയേ ആട്ടിയോടിക്കുക” കുറേ നേരമായുള്ള സജിയേട്ടന്റെ പ്രസംഗം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ് എന്ന സൂചന നൽകിക്കൊണ്ട് ശബ്ദവും , വേഗവും കുറഞ്ഞ് പതിയെ ആയി. കണ്ണൻ അടക്കം കേട്ടുകൊണ്ടിരുന്ന യുവനിരയിൽ ചിലർ മുന്നിലെ കസേരയുടെ മറവിൽ തങ്ങളുടെ ഫോൺ നോക്കി പഴയ അതേ ഇരിപ്പ് തന്നെ. പക്ഷേ പെട്ടന്ന് നോക്കിയാൽ ആർക്കും പിടികിട്ടില്ല. പ്രസംഗത്തിന് മാർക്ക് ഇടാൻ വന്ന ജഡ്ജസിന്റെ ഗൗരവമുണ്ട് മിക്കതിന്റേയും മുഖത്ത്. എന്നെ പോലെയുള്ള ചിലരാകട്ടെ ഇടക്ക് ചെറുതായി ഉറങ്ങിയും , അതിന്റെ ഇടയിൽ സംഭവം കേട്ടും അങ്ങനെ ഇരുന്നു. വാർത്ത കവർ ചെയ്യാൻ വന്ന ചേട്ടന്റെ ക്യാമറ തങ്ങളുടെ നേരെ തിരിയുമ്പോൾ ഈ വ്യത്യാസം ഒന്നും കാട്ടാതെ എല്ലാവരും തനി യോഗ്യൻമാരായി.
“ജീവിതം ആകണം നമ്മളുടെ ലഹരി. പണ്ട് ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ ജീവിതം ഒരു കണ്ണാടി പോലെയാണ്. നമ്മൾ എന്ത് കാട്ടുന്നു , അത് മാത്രമേ ്് തിരികേ കിട്ടുകയുള്ളൂ” അത്രയും പറഞ്ഞ് പുള്ളി പ്രസംഗം അവസാനിപ്പിച്ചു. ഉച്ചത്തിൽ കൈയ്യടി മുഴങ്ങി. വയറ്റിൽ കൈയ്യും വച്ച് ചിരിച്ചുകൊണ്ടിരുന്ന ശ്രീയെ അപ്പോഴാണ് കണ്ടത്. മുന്നിലായി ഇരുന്നിരുന്ന സച്ചിയുടെ കസേരയുടെ പിറകിൽ തലയും താഴ്ത്തി ഇരുന്ന് ചിരിക്കുന്നുണ്ട് ശ്രീ. “എന്തോന്നെഡേയ്?” കാര്യം മനസ്സിലാകാതെ നവി അവനെ തട്ടി വിളിച്ചു. “ഒന്നുമില്ലളിയാ , പണ്ടത്തെ ഓരോന്ന് ഓർത്ത് ചിരിച്ചുപോയതാ” “ഇത്രക്ക് ചിരിക്കാൻ എന്താടാ സങ്ങതി” “ആഹ് , അത് ദേ ഇവന്റെ കാര്യാ” വിക്കിയേ ചൂണ്ടി അവൻ പറഞ്ഞു. “ഇവന്റെ എന്തോന്ന്?” സച്ചിക്കും സംശയം. “അത് നമ്മടെ പ്ളസ് ടൂ സമയത്തെ ്് സംഭവാ. ഏതോ ഒരു ഫങ്ഷന്റെ എടേല് ക്ളാസ് എടുക്കാൻ വന്ന സാറ് ഇതേ ഡയലോഗ് അന്നും പറഞ്ഞിരുന്നു” “അയിന്?” “എന്റെടാ , അപ്പൊ ഈ മൊതലിന്റെ ഒരു സംശയം. ജിബ്രാന്റെ കണ്ണാടിയുണ്ടല്ലോ , അത് കോൺവെക്സാണോ കോൺകെയ്വാണോന്ന്. “ഇവന് പണ്ടേ പിന്നെ ഫിസിക്സ് ബല്യ ഇഷ്ടാണല്ലോ” അതും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചു. “നിനക്ക് പിന്നെ ആകെ ഇഷ്ടം ബയോളജി മാത്രല്ലേ” വിക്കിയുടെ കൗണ്ടർ അപ്പോൾ തന്നെ വന്നു. ഒരുമാതിരി ആവേശം മൂത്ത് പോസ്റ്റ് മാറി സെൽഫ് ഗോൾ അടിച്ചവനെ പോലെയുള്ള ശ്രീയുടെ ഇരിപ്പ് എല്ലാവരിലും ചിരി പടർത്തി.