ഹെൽമെറ്റ് ഊരി ഹാന്റിലിൽ വച്ച് ശ്രീലക്ഷ്മി മുന്നിലേക്ക് നടന്നു. കുറച്ച് മാറിയുള്ള മരത്തിന്റെ അപ്പുറത്തായി നിന്ന നവിയെ അവൾ കണ്ടിരുന്നില്ല. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു നവനീത്. അസ്തമയ സൂര്യന്റെ ചുവപ്പ് ചുവന്ന ചൂരിദാറിൽ തട്ടി അവളുടെ സുന്ദര രൂപത്തിന് വല്ലാതെ ഭംഗി കൂട്ടി. കണ്ണെടുക്കാതെ അവൻ അങ്ങനെ നിന്നു. ചോലയിൽ മുഖം കഴുകിയ ശേഷം അവൾ കോവിലിന് മുന്പിൽ എത്തി. കണ്ണുമടച്ച് കൈ കൂപ്പി നിൽക്കുന്ന അവളുടെ അടുത്ത് നവിയും ചെന്ന് നിന്നു. അതൊന്നും അറിയാതെ പ്രാർഥിക്കുകയാണ് ശ്രീലക്ഷ്മി.
അവിടെ നിന്നു , എങ്കിലും എനിക്ക് പ്രാർഥിക്കാനൊന്നും കഴിഞ്ഞില്ല. കൈ കൂപ്പിയിരുന്ന സമയത്തും കണ്ണുകളും മനസ്സും അടുത്ത് നിൽക്കുന്ന ആളിലേക്ക് അനുസരണ ഇല്ലാതെ പോവുകയാണ്.
അൽപ നേരം കഴിഞ്ഞ് ശ്രീലക്ഷ്മി കണ്ണുകൾ തുറന്നു. അടുത്തായി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.
“കി , കിച്ചുവേട്ടനെന്താ ഇവിടെ!?”
“വെറുതെ വന്നതാ” മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞു. “ഇവിടെ ആരും അങ്ങനെ വരാറില്ലല്ലേ?” “ഉം” അവൾ മൂളി.
ഉള്ളിലുള്ളത് എങ്ങനെ പറയും എന്ന സംശയമായിരുന്നു നവിയുടെ മനസ്സിൽ. “ശ്രീക്കുട്ടീ , പോയിട്ടെന്തെങ്കിലും തിരക്കുണ്ടോ?” ഒടുവിൽ ധൈര്യം സംഭരിച്ച് പറഞ്ഞ് തുടങ്ങി. തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു ശ്രീലക്ഷ്മി.
“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല” “എനിക്കൊരു കാര്യം ,” പകുതിക്ക് നിർത്തി അവളെ നോക്കി. “എന്താ കിച്ചുവേട്ടാ?”
“അച്ഛനും അമ്മയും വിടാതെ പിടിമുറുക്കുവാ. എന്റെ കല്യാണം തന്നെ കാര്യം. എനിക്കൊരാളെ ഇഷ്ടാ” അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്.
“ഞാൻ ഒരു പ്രപ്പോസൽ കൊണ്ടുവന്നാ കുഴപ്പമാകുമോ” പെട്ടന്നുള്ള ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി.
“എന്താ! , എന്ത് പ്രപ്പോസൽ?” “്് മാരേജ് പ്രപ്പോസൽ” അത്രയും നേരം അവൾക്ക് മുഖം കൊടുക്കാതിരുന്ന നവനീത് പൊടുന്നനെ ശ്രീലക്ഷ്മിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“ഇനിയുള്ള ജീവിതത്തിൽ എനിക്ക് നിന്റെ കൂട്ട് വേണം. വരുവോ എന്റെ പെണ്ണായിട്ട്” ഒരു ഞെട്ടലോടെ അവൾ മുഖം തിരിച്ചു.
“പണ്ടുമുതലേ ഇഷ്ടാ , പക്ഷേ പറയാൻ പറ്റിയില്ല. ഇനിയും വയ്യെടീ. എന്റെ ഒപ്പം ഇനി എന്നും നീ വേണമെന്ന് മനസ്സ് പറയുന്നു. സമ്മതാണോ , Will you be myne for ever?”