“Nooo” നവി പറഞ്ഞ് നിർത്തുമ്പോഴേക്കും ശ്രീലക്ഷ്മിയുടെ ശബ്ദം ഉയർന്നിരുന്നു. പെട്ടന്നുള്ള അവളുടെ മാറ്റം അവനെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു.
“ശ്രീക്കുട്ടി , ഞാൻ”
“വേണ്ട. എനിക്ക് ഇതിൽ താൽപര്യമില്ല. ഇനി കിച്ചുവേട്ടൻ ഇതും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്”
ഒന്നും പറയാനാകാതെ നിന്നുപോയിരുന്നു നവനീത്. അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ പോയി. ഉരുണ്ട് കൂടിയ കണ്ണുനീരിന്റെ ഇടയിലൂടെ അകന്നകന്ന് പോവുന്ന അവളുടെ രൂപം അവൻ നോക്കി നിന്നു.
* * * * *
ചിന്നുവും മാളുവും വീട്ടിൽ ചെല്ലുമ്പോൾ ഡോർ തുറന്ന് കിടന്നിരുന്നു.. നവി ടീവിയുടെ മുന്നിൽ ആണ്.
“എന്റെ കിച്ചുവേട്ടാ , എത്രനേരമായിട്ട് വിളിക്കുന്നു , നിങ്ങടെ ഫോൺ ചത്തോ” ചിന്നു അവന്റെ അടുത്തായി സോഫയിൽ ഇരുന്നു. നവി മറുപടി ആയി വെറുതെ ചിരിച്ചു. “പോയിട്ട് എന്തായി?” പ്രതീക്ഷിച്ച ചോദ്യമാണ് മാളു ചോദിച്ചത്.
“പോയിട്ടെന്താ? , നല്ല അടിപൊളി സ്ഥലം. നല്ല കാറ്റൊക്കെ കൊണ്ട് ഇരുന്നു. നേരത്തെ പോവണ്ടതായിരുന്നു”
“കുന്തം. ഡോ മനുഷ്യാ , ലച്ചൂനെ കണ്ടിട്ടെന്തായീന്ന്” രണ്ടാൾക്കും ദേഷ്യം വന്നുതുടങ്ങി.
“ഓഹ് അതോ , കണ്ടു. പ്രതീക്ഷിച്ച മറുപടിതന്നെ”
“എന്ത്!?”
“അവൾക്ക് താൽപര്യമില്ല” അവരുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ടീവിയിൽ പഴയ ഏതോ ഹിന്ദി സിനിമ ഓടിക്കൊണ്ടിരുന്നു.
“ഇനീപ്പോ എന്താ ചെയ്യാ” ആരോടെന്നില്ലാതെ ചിന്നു ചോദിച്ചു. “ഒന്നുമില്ല , അതങ്ങ് വിട്ടേക്കണം” നവി ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു.
പിന്നെയും കുറച്ച് സമയം അവർ എന്റെ ഒപ്പം കൂടി. ഫുഡ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടും അടുക്കളയിൽ ചെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടപ്പോഴാണ് ഭക്ഷണം കഴിക്കാൻ ്് ചെല്ലാനുള്ള നിർബന്ധം അവസാനിച്ചത്. അവർ പോയിക്കഴിഞ്ഞിട്ടും ടീവിയും നോക്കി ഇരുന്നു. എവിടെയും നിൽക്കാതെ ചാനലുകൾ റിമോട്ടിന് അനുസരിച്ച് മാറി മാറിക്കൊണ്ടിരുന്നു.
നാട്ടിലേക്ക് വരുമ്പോൾ ഒരുപാട് സംശയങ്ങളായിരുന്നു. പിന്നീട് സംഭവിച്ചത് എല്ലാം എന്നെ ആ പഴയ നവി ആക്കുന്നത് പോലെ തോന്നി. പക്ഷേ ശ്രീക്കുട്ടി , മനസ്സിൽ വല്ലാത്തൊരു വേതനയാണ് അവൾ.