എന്തോ ഭാഗ്യം പോലെ പിറ്റേന്ന് ബോസ് വിളിച്ചു. ഓഡിറ്റിങ്ങ് നടക്കുന്നതിന്റെ സമയമായത് കൊണ്ട് ലീവ് തീരാൻ നാല് ദിവസം കൂടി ഉണ്ടായിട്ടും ഞാൻ തിരിച്ച് മുംബൈയ്യിലേക്ക് ടിക്കറ്റ് എടുത്തു. അന്ന് പോവേണ്ടിവന്നതായിരുന്നു , പക്ഷേ ഇപ്പോൾ ഞാൻ അത് ആഗ്രഹിക്കുന്നു , വ്യത്യാസം അത്രമാത്രം.
തിരിച്ച് പോവൽ വേഗത്തിൽ ആയതിൽ എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം കോയമ്പത്തൂരിൽ നിന്നാണ് ഫ്ളൈറ്റ്. അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് ഒരു യാത്രയയപ്പ് ്് സീനൊന്നും ഉണ്ടായില്ല. ശ്രീയും , വിക്കിയും , കണ്ണനും ചിന്നുവും , മാളുവും എല്ലാം കാലത്തേ വന്നിരുന്നു. രവി അങ്കിളിന്റെ ഏട്ടൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് സച്ചി വന്നിട്ടില്ല. ഊണ് കഴിച്ചിട്ടാണ് ഇറങ്ങിയത്. വീട് പൂട്ടി താക്കോൽ രമ ആന്റി കൊണ്ടുപോകും. എല്ലാം റെഡിയാക്കി ഇറങ്ങുമ്പോഴേക്കും സൂരജേട്ടൻ കാറുമായി വന്നു. വീടിന്റെ അടുത്ത് തന്നെയുള്ള സുഹൃത്താണ് പുള്ളി. ടൗണിൽ ടാക്സി ഓടിക്കുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി. കരയും എന്ന് സംശയം തോന്നിയിരുന്നു ചിന്നുവിനേയും മാളുവിനേയും കണ്ടപ്പോൾ , അത് കൊണ്ടാവും ്് രണ്ടാളും കാറിന്റെ അടുത്തേക്ക് വന്നില്ല. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ശ്രീക്കുട്ടിയെ കാണണം എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. ആന്റിയും , അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അവൻ മായയോട് സംസാരിക്കുന്നത് മുഴുവൻ ശ്രീലക്ഷ്മി കേട്ടു നിന്നു. ഇതിനിടയിൽ പലപ്പോഴും നവി ശ്രീലക്ഷ്മിയെ നോക്കി എങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. ഒടുവിൽ ഇറങ്ങാൻ സമയമായപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.
മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ശ്രീലക്ഷ്മി. ഫോണിൽ നോക്കി എന്തോ ആലോചനയിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് നവി വന്നു. അവനെ കണ്ട് ഇരുന്നിടത്ത് നിന്ന് അവൾ എഴുന്നേറ്റു.
“ബുദ്ധിമുട്ടിക്കാൻ വന്നതല്ല , പോകും മുന്പ് ഒന്നുകൂടി കാണണമെന്ന് തോന്നി. പിന്നെ എല്ലാത്തിനും സോറി. നിന്നോട് ഇനിയും പറയാണ്ടിരിക്കാൻ പറ്റിയില്ല , അതാ ഞാനങ്ങനെ”
ശ്രീലക്ഷ്മി ഒന്നും മിണ്ടിയില്ല.
“അന്ന് പോവുമ്പോ എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നി , പക്ഷേ ഒന്ന് ഒഴികെ എല്ലാം തിരികെ കിട്ടി. അറിഞ്ഞോണ്ട് നിന്നെ വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല , എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം” “പോട്ടേ , ഇനി ഞാൻ ശല്യത്തിന് വരില്ല”