അതും പറഞ്ഞ് നവനീത് താഴേക്ക് പോയി. ഗെയിറ്റ് കടന്ന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോകുന്ന അവനേയും നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്നിരുന്ന അവൾ മുറിയിലേക്ക് ഓടി.
= = = = =
“എന്നിട്ട് നീ എയർപ്പോർട്ടിൽ എത്തിയോ?” യാത്രക്ക് ഇടയിലാണ് റിയ നവിയെ വിളിച്ചത്. ബോസ് വിളിച്ചതും ലീവ് പകുതിക്കിട്ട് തിരികെ വരുന്നതും എല്ലാം നേരത്തെ അവളോട് പറഞ്ഞിരുന്നു.
“ഏയ് ഇല്ലെടീ , ഓൺ ദ വേയാണ്” “കൊച്ചീന്നാണോ കേറുന്നേ?”
“അല്ല , കോയമ്പത്തൂരീന്നാ” “ഞാൻ പിന്നെ വിളിക്കാം , റെയിഞ്ച് കുറവാ” “Ok da by” ഫോൺ പോക്കറ്റിലിട്ട് അവൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു.
* * * * *
അമ്മയുടെ കൂടെ ഇരുന്ന് ടീവി കാണുകയാണ് ശ്രീലക്ഷ്മി. അവളുടെ മനസ്സ് വളരെ അസ്വസ്ഥതയോടെ പലതും ചിന്തിച്ച് കാട് കയറുകയായിരുന്നു. “ഹാ , നീ ഇതെന്താ കാണിക്കുന്നേ ലച്ചൂ?, ഏതെങ്കിലും ഒരു ചാനൽ വച്ചാപ്പോരേ. എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്” അവളുടെ കൈയ്യിൽ നിന്ന് റിമോട്ട് മായ വാങ്ങി. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.
“ആ , ഇത് കണ്ടോ. കുറച്ച് നാട്ടുകാര്യം അറിയണ്ടേ” ഒരു ന്യൂസ് ചാനൽ വച്ചിട്ട് റിമോട്ട് അവർ ടീപ്പോയിൽ വച്ചു. മായ പുറത്തേക്ക് ്് പോവുമ്പോഴേക്കും ഹരിപ്രസാദ് അകത്തേക്ക് വന്നു. കൈയ്യിലിരുന്ന കവർ ഭാര്യയെ ഏൽപ്പിച്ച് അയാൾ മുറിയിലേക്ക് നടന്നു. വല്ലാത്ത ചിന്തയോടെ ഇരിക്കുന്ന മകളെ അയാൾ ശ്രദ്ധിച്ചിരുന്നു.
“കിച്ചു പോയല്ലേ?” തന്റെ പിറകിലായി വന്ന മായയോട് ഹരിപ്രസാദ് ചോദിച്ചു. “ഉം , വൈകിട്ടത്തെ ഫ്ളൈറ്റിന് പോയിക്കാണും. പോകുന്നതിന് മുമ്പ് ഇവിടെ വന്നിരുന്നു” “ഉം , വഴിയിൽ വച്ച് എന്നെ വിളിച്ചിരുന്നു” പെട്ടന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് സംസാരിക്കുകയായിരുന്ന അവർ ഹാളിലേക്ക് ചെന്നു.
തറയിൽ പൊട്ടിയ റിമോട്ട് കിടന്നിരുന്നു. അടുത്ത് തന്നെ വിളറി വെളുത്ത് ശ്രീലക്ഷ്മി നിന്നു.
“എന്താ മോളേ?” മായ ആശങ്കയോടെ അവളെ നോക്കി. പക്ഷേ , അവൾ ഒന്നും മിണ്ടിയില്ല. ഒരു വിറയലോടെ ്് ടീവിയിലേക്ക് വിരൽ ചൂണ്ടി.