പരിപാടിയുടെ അവസാനം നന്ദി പ്രസംഗത്തിനായി പ്രേമേട്ടൻ വന്നതോടെ പുറത്തേക്ക് വിട്ടു. ഇനി അങ്ങേരുടേത് കൂടി കേൾക്കാനുള്ള ആരോഗ്യം ഇല്ല. “അല്ല കിച്ചുവേട്ടാ , ഈ ജിബ്രാനെന്ന് പറഞ്ഞത് ആ സൈക്കോ പടത്തിന്റെ ബീ ജി എം ഇട്ട പുള്ളിയേ ആണോ?” കണ്ണന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് പണ്ടാരമടങ്ങി നിന്നുപോയി.
“എന്റെ പൊന്ന് മോനേ , ഇത് വേറെ ആളാ”
“ഏഹ് , അപ്പോ അതാരാ”
“അത് ഒരു വല്യ മനുഷ്യനാ ഒരു മഹാൻ”
“മൂപ്പര് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ!?”
“പറഞ്ഞുകാണും , നീ വേറാരോടെങ്കിലും ചോദിക്ക് നമ്മളില്ലേയ്” കണ്ണനെ മുതുകിൽ തള്ളി കുറച്ച് മാറി ക്ളബ്ബിന്റെ വരാന്തയുടെ അറ്റത്തായുള്ള അരമതിലിൽ കൈയ്യും കുത്തി നിന്നു. മുന്നിൽ ഒരു വശത്ത് കൂടി കടന്നുപോകുന്ന നടപ്പാത കാണാം. വരമ്പിന് പുറമേ ആളുകൾക്ക് സഞ്ചരിക്കാൻ പാകത്തിന് വയലിന് കുറുകെ രണ്ടടിയോളം വീതിയിൽ കല്ല് കൊണ്ടോ , ്് കോൺക്രീറ്റ് കൊണ്ടോ നിർമിക്കുന്ന പാതയാണ് ഇവ. ചെടികളുടെ മറവിൽ നിന്നും പാതയിലേക്ക് കയറി ദൂരേക്ക് നടന്നുപോകുന്ന ആളിൽ അപ്പോഴാണ് കണ്ണുകൾ ഉടക്കിയത്. ഒട്ടും സമയം കളയാതെ അടുത്തേക്ക് ചെന്നു.
“ശ്രീക്കുട്ടീ” വിളി കേട്ട് വേഗത്തിൽ നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഒരു നിമിഷം നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കുറച്ച് പിറകിലായി നിൽക്കുന്ന നവിയെ അവളും കണ്ടു. ചെറുതായി കിതച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നുവന്നു.
“സുഖല്ലേ കിച്ചുവേട്ടാ?” എന്തോ പറയാൻ തുടങ്ങുന്നതിന് മുമ്പ് അവൾ ചോദിച്ചിരുന്നു.
“കുഴപ്പമില്ല , ഇങ്ങനെ പോവുന്നു” സംസാരിക്കണമെന്ന് ഉണ്ടെങ്കിലും വാക്കുകൾ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല.
“നീ ഇത് എങ്ങോട്ടാ ഇത്ര തിരക്കിട്ട് പോണേ” തന്റെ വെപ്രാളം മറച്ചുവച്ച് അവൻ അവളെ നോക്കി.
“ഞാൻ വീട്ടിലേക്ക് , ല്ലാണ്ട് എങ്ങോട്ട്”
“ഇപ്പൊ പുറത്തൊന്നും ഇറങ്ങാറില്ലല്ലേ?”
“ഇല്ല , എന്തിനാ വെറുതെ” അവന്റെ മുഖത്ത് നോക്കിയിരുന്നില്ല ശ്രീലക്ഷ്മി. നവി അറിയുകയായിരുന്നു അവളിൽ കാലം വരുത്തിയ മാറ്റങ്ങൾ. തന്നെ ശ്രദ്ധിക്കുകയായിരുന്ന അവനെ ഒരൽപം അസ്വസ്ഥതയോടെയാണ് ശ്രീലക്ഷ്മി നോക്കിയത്.
“പോട്ടേ , വീട്ടിൽ എത്താൻ വൈകും” അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ മുന്നോട്ട് നടന്നു. ്് നടവഴിയും പിന്നിട്ട് കരയിലുള്ള തെങ്ങിൻ തോപ്പിലൂടെ അകലേക്ക് പോവുന്ന ശ്രീലക്ഷ്മിയെ നോക്കി ഒരു നെടുവീർപ്പിട്ട് നവി തിരികെ നടന്നു.