“കാമുകനൊക്കെ ആയിരുന്നു , പക്ഷെ നിരാശ വെറുതെ വരുത്തിവച്ചതാന്ന് മാത്രം” ചിന്നു പറഞ്ഞത് കേട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയ നവി അവിടെ നിന്നു.
“നീ എന്താ പറഞ്ഞേ?” അവളുടെ മുന്നിൽ ചെന്ന് അവൻ ചോദിച്ചു. “ഇനിയും ഇത് വേണോ കിച്ചുവേട്ടാ?. അവളോട് ഇനിയെങ്കിലും മനസ്സിലുള്ളത് പറഞ്ഞൂടേ?” അവന്റെ മുഖത്തേക്ക് നോക്കിയാണ് മാളു ചോദിച്ചത്. ഒരു നിമിഷം തന്നിൽ വന്ന പതർച്ച മറച്ചുവെക്കാൻ നവനീതിന് കഴിഞ്ഞില്ല.
“ദേ , ഇനീം ഇവിടെ കെടന്ന് നാടകം കളിച്ചാ ഇടിച്ച് നിന്റെ നെഞ്ചാങ്കൂട് ഞാൻ പൊളിക്കും. കുറേ കാലമായി കൂടെ , ഞങ്ങൾക്കെല്ലാം നിങ്ങൾ കിച്ചൂം , ലച്ചൂമാ. ്് നിങ്ങക്ക് രണ്ടിനുമോ? , ഒരു കിച്ചേട്ടനും അവന്റെ ഒരു ശ്രീക്കുട്ടിയും. നമ്മളെന്താടാ മണ്ടന്മാരാണോ ഒന്നും മനസ്സിലാകാണ്ടിരിക്കാൻ. എന്നിട്ട് അവന്റെ ഒരു കോപ്പിലെ ഉരുണ്ടുകളി” വിക്കിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.
നവി അവരുടെ അടുത്തായി ഇരുന്നു. അവന്റെ മുഖം കുനിഞ്ഞിരുന്നു. “പോട്ടെടാ , ഒടിയൻ ദേഷ്യത്തിന് പറഞ്ഞതാ” അവന്റെ തോളിൽ തട്ടിക്കൊണ്ട് ശ്രീ പറഞ്ഞു. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല.
“അവളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു , അല്ല ഇപ്പോഴും ഇഷ്ടാ. പക്ഷേ വേണ്ട , അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാ. ഇനിയും ഞാൻ കാരണം , വേണ്ട” “കിച്ചുവേട്ടാ , നിങ്ങക്ക് ലച്ചൂനോടുള്ള ഇഷ്ടം മനസ്സിലായത് കുറച്ച് വൈകിയാ. അതിനും മുമ്പ് നിങ്ങളോടുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു. എല്ലാമൊന്ന് പറയാനിരുന്നപ്പഴാ അതൊക്കെ നടന്നത്. പക്ഷേ , ഇപ്പൊ അവള് ആ പഴയ ലച്ചുവല്ല” മാളു പറയുന്നത് ആകാംഷയോടെ കേൾക്കുകയായിരുന്നു നവനീത്.
“നിനക്ക് ഇഷ്ടമാണെങ്കിൽ പഴയതുപോലെ പറയാണ്ടിരിക്കരുത്. അവളോട് ഇപ്പഴും ഇഷ്ടമുണ്ടെങ്കിൽ ഈ വിഷമങ്ങളിൽ അവളുടെ കൂടെ നിന്നൂടെ?” സച്ചി അവന്റെ ്് ചുമലിലൂടെ കൈയ്യിട്ടുകൊണ്ട് ചോദിച്ചു. “ലച്ചൂന്റെ ഉള്ളിലെന്താന്ന് നമുക്കറിയില്ലല്ലോ” ചിന്നു പറഞ്ഞത് തന്നെയായിരുന്നു എല്ലാവരുടേയും സംശയം.
“അവളോട് തന്നെ ചോദിക്കണം , അല്ലാണ്ട് ഈ കാര്യത്തിൽ വേറെ വഴിയൊന്നുമില്ല” വിക്കി ഗൗരവത്തോടെ പറഞ്ഞു. “അതിനുള്ള ധൈര്യം ഇപ്പോഴും എനിക്കില്ല” ചമ്മലോടെ നവി വിക്കിയെ നോക്കി. “ഇല്ലേൽ ഉണ്ടാക്കണം” “അളിയാ , ഈ വിഷയത്തിൽ നിന്റെ അത്ര ധൈര്യം എനിക്കില്ലെടാ” “ആഹ് , ഇവന് ഈ പറഞ്ഞ സങ്ങതി ഉള്ളോണ്ട് സ്നേഹിച്ച പെണ്ണിപ്പോ ഇവന്റെ വീട്ടിലുണ്ട്. നീ ഇവനെ ട്രോളാതെ അവളോട് കാര്യം പറ” ശ്രീ പറഞ്ഞു. “എങ്ങനെ പറയും?” “വാ കൊണ്ട് , അല്ലാണ്ട് പിന്നെ” “ഡേയ് ചിരി വരാത്ത തമാശവിട്. വല്ല ഐഡിയയും ഉണ്ടേ പറ” സച്ചി ശ്രീയോടായി പറഞ്ഞു.