“ആഹ് , ഒരു വഴീണ്ട്” എന്തോ ഓർത്ത പോലെ മാളു പറഞ്ഞു. എല്ലാവരും അവളെ നോക്കി. “ആ കൈതത്തോടില്ലേ , അതിന്റെ സൈഡിലൂടെ കുറച്ച് മുകളിലേക്ക് പോയാൽ അവിടെ ചെറിയൊരു അമ്പലം പോലെ ഉണ്ട്. ലച്ചു മിക്ക ദിവസവും അങ്ങോട്ട് പോവും” അവൾ പറഞ്ഞത് ഒരു പുതിയ വിവരം ആണ് എന്ന് എല്ലാവരുടേയും അമ്പരപ്പിൽ നിന്നും വ്യക്തമാണ്. “അവിടെയെന്തിനാ അവള് പോണേ?” ചിന്നു മാളുവിനെ നോക്കി. “ആ , എനിക്ക് അറീല. ഒന്ന് രണ്ട് വട്ടം അവള്ടെ കൂടെ ഞാനും അവിടെ പോയിട്ടുണ്ട്” “അവിടെ ഏതാ പ്രതിഷ്ട?” ശ്രീ ചോദിച്ചത് കേട്ട് ചിന്നു അവനെ നോക്കി കണ്ണുരുട്ടി. “അതാണോ ഇപ്പൊ വിഷയം?” കിച്ചു ചോദിച്ചു. “അല്ല അത് പിന്നെ , ജസ്റ്റ് ഫോർ എ ക്യൂരിയോസിറ്റി. യൂ കണ്ടിന്യൂ” മാളുവിനെ നോക്കി ഒരു അവിഞ്ഞ ചിരിയോടെ അവൻ പറഞ്ഞു. “അവിടെ വച്ചാവുമ്പോ അവളോട് തനിച്ച് സംസാരിക്കാല്ലോ” “ഡാ , അതാ നല്ലത്. നീ പറയാനുള്ളത് പറ” നവിയോടായി സച്ചി പറഞ്ഞു.
“എല്ലാ ദിവസവും അവളവിടെ പോകാറുണ്ടോ?” മറുപടിയായി മാളുവിനോട് അവൻ അങ്ങനെയാണ് ചോദിച്ചത്. “മിക്കവാറും പോവും” “ഉം” “മനസ്സിലുള്ളത് പറയാൻ പറ്റാത്തത് കൊണ്ട് രണ്ടാളും കുറേ വെഷമിച്ചില്ലേ, ഇത് നടന്നാ അതിലും വല്യ സന്തോഷമില്ല” ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മാളു ചിരിച്ചു.
“ലച്ചു ഓക്കെയാണെങ്കിൽ ആര് സമ്മതിച്ചില്ലെങ്കിലും നിങ്ങടെ കല്യാണം ഞാൻ നടത്തും. അത് പറഞ്ഞത് വിക്കിയാണ് . “സാറങ്ങനെ ഒറ്റക്ക് നടത്തണ്ടാ. ഞങ്ങളും കാണും , ല്ലേ സച്ചിയേട്ടാ?” മാളുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിന്നു അവരെ നോക്കി. “പിന്നല്ലാണ്ട്” പറഞ്ഞുകൊണ്ട് സച്ചിയും ശ്രീയും ചിരിച്ചു.
പിന്നെയും കുറച്ച് സമയം കൂടി അവരുടെ ഒപ്പം ഇരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. ഒരു ചമ്മലിന്റെ ചെലവ് ഇല്ലാതെ കാര്യം അവർ അറിഞ്ഞതിലും , എല്ലാം അവളോട് തുറന്ന് പറയാൻ ഒരു വഴി കിട്ടിയതിലും എനിക്ക് സന്തോഷം തോന്നി. പക്ഷേ ശ്രീക്കുട്ടിയുടെ കാര്യത്തിൽ വല്ലാതെ ഒരു ആശങ്ക അപ്പോഴും ബാക്കിയായിരുന്നു.