അച്ഛന് ചാർജ് എടുക്കേണ്ടത് രണ്ട് ദിവസം കഴിഞ്ഞാണ്. തൃശൂരിൽ ചെന്നിട്ട് വീട് എല്ലാം ശരിയാക്കേണ്ടത് കൊണ്ട് പിറ്റേന്ന് അങ്ങോട്ട് പോവാൻ തീരുമാനിച്ചിരുന്നു. പോകുമ്പോൾ എടുക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയാണ് ഞങ്ങൾ.
“കൊറേ നേരമായല്ലോ , ആരോടാടാ ചാറ്റിങ്ങ്?” ഡ്രസ്സുകൾ ബാഗിൽ അടുക്കി വെക്കുന്നതിന്റെ ഇടയിൽ ഒരു കൈയ്യിൽ ഫോണും പിടിച്ച് , അതിലേക്ക് കാര്യമായി നോക്കിക്കൊണ്ടിരുന്ന ്് നവിയോടായി അനിത ചോദിച്ചു. പക്ഷേ ചാറ്റിങ്ങിൽ മുഴുകിയിരുന്ന അവൻ അമ്മയുടെ ശബ്ദം കേട്ടിരുന്നില്ല. തലക്ക് ഒരു തട്ട് കിട്ടിയപ്പോൾ കാര്യം മനസ്സിലാകാതെ അവൻ അവരെ നോക്കി. “എന്തോന്നാ അമ്മേ , ഫോണിപ്പോ താഴെ വീണേനെ” “ആ കണക്കായിപ്പോയി. ഇത് കൈയ്യില് കിട്ടിയാ പിന്നെ ബാക്കിയുള്ളോര് ്് ചത്താലും ്് നീയൊന്നും അറീല്ലല്ലോ” പകുതി കളിയായും പകുതി ഗൗരവത്തിലും അനിത പറഞ്ഞു.
അത് കേട്ട് നല്ല വെടിപ്പായിട്ട് ഇളിച്ചുകാട്ടി. “അമ്മ എന്താ ചോയിച്ചേ” “നീ ആരോടാ ചാറ്റ് ചെയ്യുന്നേന്ന്” “ഓഹ് അതായിരുന്നോ , അവള്മാരോടാ , റിയയോടും ഐശൂനോടും.” “ആഹ് , അവരായിരുന്നോ” രണ്ടെണ്ണത്തിനേയും നേരത്തേ പരിചയപ്പെടുത്തിയത് കൊണ്ട് അമ്മക്കും അച്ഛനും അവരെ അറിയാമായിരുന്നു.
ഫയലുകളും , പിന്നെന്തൊക്കെയോ പേപ്പറുകളും വേറെ ഒരു ബാഗിലാണ് അച്ഛൻ വച്ചിരുന്നത്. “എല്ലാം ഒന്നിച്ച് വെച്ചാൽ പോരേ? , ഇതിലിനിയും സ്ഥലമുണ്ട്” അമ്മ പറഞ്ഞത് കേട്ടപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയ ബാഗാണ്. സാധനങ്ങൾ കുറേ അവിടെ തന്നെ ഉണ്ടാവും എന്ന് ബ്രോക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് അധികം ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. കുറച്ച് ഡ്രസ്സുകളാണ് കാര്യമായി കൊണ്ടുപോകാൻ ഉള്ളത്. “ആഹ് , അതൊന്നും കൊഴപ്പമില്ല. ഇതൊക്കെ വളരെ ഗൗരവം പിടിച്ച ഡോക്യുമെന്റുകളാ. അത് ഞാൻ വച്ചോളാം.” പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല. അച്ഛൻ അങ്ങനെയാണ്. ജോലിയുടെ കാര്യത്തിൽ കുറച്ചധികം കടുംപിടുത്തം ഉണ്ട്. അച്ഛൻ വന്നതോടെ സംസാരം അവര് തമ്മിൽ ആയി. ഞാൻ നൈസായി ഫോണിലേക്ക് നോട്ടം മാറ്റി. ഇടക്ക് എപ്പോഴോ സംസാരത്തിൽ ആ പഴയ വിഷയം തന്നെ പിന്നെയും കയറിവന്നു. വേറൊന്നുമല്ല , എന്റെ വിവാഹം , കുടുംബം ഇതൊക്കെ തന്നെ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പുറത്ത് വരാന്തയിൽ ചെന്ന് ഇരുന്നു.