തുടർച്ചയായുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. നല്ല ഉറക്കം ആയത് കൊണ്ട് ഞെട്ടിയിട്ടും റിലേ നേരെ ആകാൻ കുറച്ച് സമയം കൂടി വേണ്ടിവന്നു. അടുത്ത് ടേബിളിൽ വച്ച ഫോൺ കൈ എത്തിച്ച് എടുത്തു. മണി ഒന്പത് ആകുന്നു. ഇത്രയും നേരം ഞാൻ ഉറങ്ങിയോ!. വീണ്ടും കോളിങ്ങ് ബെല്ല് ശബ്ദിച്ചു.
എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. “ആഹ് , നീ ആയിരുന്നോ?. എന്താടീ രാവിലെ?” മുന്നിൽ നിൽക്കുന്ന മാളുവിനോടായി നവി ചോദിച്ചു.
“ഇത് എന്ത് ഉറക്കാ കിച്ചുവേട്ടാ , എത്ര നേരായിട്ട് വിളിക്കുന്നതാ” “ഇന്നലെ വന്നപ്പോ ലേറ്റായി , നല്ല ടയേഡായിരുന്നു അതാ അറിയാഞ്ഞേ” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് അവളുടെ മുഖത്ത് ഒരു അയവ് വന്നു. “ഇതെന്താടീ?” അകത്തേക്ക് നടക്കുമ്പോൾ നവി മാളുവിനോട് തിരക്കി.
“ഇയാൾക്കുള്ള തീറ്റയാ , ഇത് തരാനാ വന്നത്” “തീറ്റയോ! , ഞാൻ എന്തോന്നെടി വല്ല മൃഗവുമാണോ” “സോറി. ദാ അങ്ങയുടെ പ്രാതൽ” അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു , പിന്നാലെ അവനും. “ഏതായാലും നന്നായി , കണ്ണ് തുറന്നപ്പോഴേക്കും മുന്പിൽ ഫുഡ്ഡ് റെഡി. ഞാൻ പോവുന്നത് വരെ ഇങ്ങനെ ആയിരിക്കുമല്ലേ?” “അയ്യടാ , ഇത് ഒറ്റ പ്രാവശ്യത്തേക്ക് മാത്രം. ഫുഡ് അവനവൻ ഉണ്ടാക്കണം , ഇനി അത് പറ്റില്ലെങ്കി വീട്ടിലോട്ട് പോര്. ഇങ്ങനെ സർവീസടിക്കാൻ നിങ്ങടെ മറ്റവളോട് പറ” നവനീത് ചിരിച്ചു. “പറഞ്ഞ് നിന്ന് വൈകി , എനിക്കിന്ന് ്് ലേണേഴ്സ് ഉള്ളതാ. വേഗം കഴിച്ചോണേ” അതും പറഞ്ഞ് മാളു പുറത്തേക്ക് ഇറങ്ങി.
“ആ ഒരു കാര്യം വിട്ടു , മറ്റവളെ പറഞ്ഞപ്പഴാ ഓർത്തത്” നവി മനസ്സിലാകാതെ നിന്നു. “ഇന്ന് വൈകീട്ട് ലച്ചു അവിടെ പോവുന്നുണ്ട് , നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ” അത് കേട്ട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. “അപ്പൊ എല്ലാം പറഞ്ഞപോലെ , കൊളമാക്കരുത്” “ഏയ് ഇല്ല” “എന്നാ ഓൾ ദി ബെസ്റ്റ്” പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് അവൾ മുറ്റവും കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.