നേരം പതിനൊന്ന് മണിയായിരിക്കുന്നു യെങ്കിലും വയലിന്റെ മറുകരയോരം മഞ്ഞിന്റെ മൂടലിൽ മങ്ങിയ കാഴ്ച അതൊരു മനോഹരമായ കാഴ്ചയായിതോന്നി.
പല വയൽ വരൻബിൻ മേലും കരിമ്പനകൾ നിൽക്കുന്നുണ്ട്. അവയങ്ങനെ വയലിന് നടുക്ക് തലയും ഉയർത്തി പിടിച്ച് നിൽക്കുന്നത് കാണുബോൾ ആരോ ക്യാൻവാസിൽ പകർത്തിയ നിറ കൂട്ടുകളാണെന്ന് തോന്നി പോകും.
പാലക്കാടൻ വയലുകളേ മറ്റ് വയലിടങ്ങളിൽ നിന്നും വ്യത്യസ്തവും മനോഹരവുമാക്കുന്നതും ഈ ഒരു കാഴ്ച തന്നെയാണ്.
ഒരു കരിമ്പനയിൽ നിന്നും ആരോ ഇറങ്ങുന്നത് കണ്ടു. ഞാൻ സൂക്ഷിച്ചു നോക്കി. കൃഷ്ണേട്ടനാണ്. ഞങ്ങടെ നാട്ടിലെ ചെത്തുകാരൻ.
അന്യം നിന്നു പോകുന്ന കലാരൂപം ഇന്നും തനിമയോടെ നിലനിർത്തി പോരുന്ന അദ്ദേഹത്തോട് എനിക്ക് വളരെ ബഹുമാനമാണ്.
ഞാൻ നാട്ടിൽ ഉള്ള സമയത്ത് ചേട്ടനെയും കൂട്ടുപിടിച്ച് പലപ്പോഴും അങ്ങേരുടെ കൈയിൽനിന്നും കള്ള് വാങ്ങി കുടിക്കാറുണ്ട്.
കള്ള് എന്ന് പറഞ്ഞാൽ അത് പനംകള്ള്. തെങ്ങിൻ കള്ളിനെക്കാൾ ഒരു പാടി മുകളിൽ നിൽക്കും.
കൃഷ്ണേട്ടന്റെ അരയിൽ കള്ളും കുടം കാണുന്നുണ്ട്. കുറച്ച് വാങ്ങി കുടിച്ചല്ലോ.. മനസ്സിൽ അങ്ങനൊരു ചിന്ത കടന്നു വന്നു.
അപ്പോഴാണ് പോക്കറ്റിൽ ഇരുന്ന് ഫോൺ റിങ് ചെയ്തത്.
ഞാൻ ഫോൺ എടുത്ത് നോക്കി. അഭിയാണ്.
ഞാൻ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചു.
ഹലോ… കള്ളിനെക്കാൾ ലഹരിയുള്ള അഭിയുടെ സ്വരം എന്റെ കാതിൽ വന്ന് പതിച്ചു.
ഞാൻ ബാത്‌റൂമിലായിരുന്നു. അവൾ പറഞ്ഞു.
മ്മ്… ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയികൊണ്ടിരിക്യാ.
ഉച്ചക്ക് ശേഷെ ഇറങ്ങു എന്നാണല്ലോ പറഞ്ഞത് . ഇതെന്തുപറ്റി… അഭിരാമിയുടെ വ്യാകുലത കലർന്ന ചോദ്യമെത്തി.
അത് വേറെ ഒന്നും കൊണ്ടെല്ല. ആ പിക് കണ്ടപ്പോ എനിക്ക് ഇവിടെ ഇരിക്കാൻ തോന്നുന്നില്ല. അതുകൊണ്ടാ. ഞാനൊരു തമാശ പറയും പോലെ പറഞ്ഞു.
അതല്ല. വേറെ എന്തോ ഉണ്ട്. എന്താ കിച്ചു.. പറ.
എന്റെ പെണ്ണെ ഒന്നുല്ല. ശോ.. ഇത് നല്ല കഥയായല്ലോ… ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
അഭി.. അച്ഛൻ വരുന്നുണ്ട്. ഞാൻ അങ്ങോട്ട് വിളിക്കാം. ഞാൻ അതും പറഞ്ഞ് കാൾ കട്ട് ചെയ്തു.
അച്ഛൻ പാടത്തുനിന്നും എന്റെ അരികിലേക്ക് നടന്ന് വന്നു. കയ്യിലും കാലിലുമെല്ലാം ചെളി പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്.