ദീപു അത്ര ഫിറ്റല്ല പക്ഷേ ഹിറ്റായത് പോലെ അഭിനയിക്കുന്നുണ്ട്. രാഹുലിൻ്റെ അടുത്ത് ഒന്നും അറിയാത്ത പോലെ എൻ്റെ പോലീസ് കേസ് എങ്ങനെ ഒതുക്കി എന്നൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ രാഹുല് വിട്ടുകൊടുക്കുന്നില്ല പഴയ കഥയിൽ നിന്നൊരു അണുവിടാതെ ഉത്തരങ്ങൾ പറഞ്ഞു. മാത്യ ഒന്നും ചോദിക്കുന്നില്ലെങ്കിലും രാഹുലിൻ്റെ ഓരോ ഉത്തരങ്ങളും സസൂക്ഷ്‌മം വിലയിരുത്തുന്നതായി എനിക്ക് മനസ്സിലായി.
കുറച്ചു കഴിഞ്ഞപ്പോൾ വിഷയം തന്നെ മാറി പോയി. ദീപു അവൻ്റെയും രമേഷിൻ്റെയും പഴയ ഓരോ കഥകൾ പറഞ്ഞ് തുടങ്ങി. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കളിയാക്കി സംസാരിക്കുന്നുണ്ട്. സ്കൂൾ കോളേജ് പ്രേമകഥകൾ ഒക്കെ ആണ് സംസാരം. നാലാം ക്ലാസ്സിൽ രമേഷ് ഏതോ പെണ്ണിനെ അടുത്ത് പ്രേമം പറഞ്ഞു ടീച്ചർ പൊക്കിയതിനെ കുറിച്ച.
പെട്ടന്ന് രാഹുൽ ചാടി കയറി പറഞ്ഞു
“നീയൊക്കെ പെണ്ണുങ്ങളുടെ പിന്നാലെ നടന്നതിനല്ലേ ടീച്ചർ പൊക്കിയത് എന്നെയും ‘ശിവയെയും’ ഒരുത്തൻ്റെ മൂക്കിടിച്ചു ഒടിച്ചതിനാണ്”
എൻ്റെ യഥാർത്ഥ പേര് അവൻ്റെ വായിൽ നിന്ന് വന്നപ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടി. കയ്യോ കണ്ണോ കാണിച്ചാൽ മാത്യു അല്ലെങ്കിൽ ദീപു കാണും. അവന് അബദ്ധം പറ്റി എന്ന് ഇപ്പോളും മനസ്സിലായിട്ടില്ല. അവൻ ആവേശത്തിൽ കഥ തുടരുകയാണ്.
പെട്ടന്ന് സുമേഷ് കയറി ചോദിച്ചു
“ബൈ ദ ബൈ ആരാണ് ഈ ശിവ? നിങ്ങളുടെ പഴയ കൂട്ടുകാരൻ ആണോ?”
ഒരു നിമിഷത്തേക്ക് രാഹുൽ സൈലെൻ്റെ ആയി. എന്തു പറയണം എന്നറിയാതെ അവൻ്റെ മുഖം ഒന്ന് ചുമന്നു. വെള്ളത്തിൽ നിന്ന് കരയിലേക്ക് പിടിച്ചിട്ട മീനിൻ്റെ അവസ്ഥ. രാഹുലിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. ഇനി വല്ലതും പറഞ്ഞാൽ കൂടുതൽ അബദ്ധം ആകുമെന്ന് കണ്ട് ഞാൻ പെട്ടന്ന് പറഞ്ഞു.
“അത് ഞങ്ങളുടെ വേറേ ഒരു ഫ്രണ്ട് ആയിരുന്നു അവൻ സ്കൂൾ മാറി പോയി.”
രാഹുൽ അത് ശരി എന്ന രീതിയിൽ തലയാട്ടി
മാത്യവിനു അത് അത്ര വിശ്വാസം ആയില്ല എന്ന് തോന്നുന്നു. പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല. പിന്നെ രാഹുൽ തന്നെ എന്തോക്കെയോ പറഞ്ഞു വിഷയം മാറ്റി. അതിനുശേഷം അവൻ്റെ ഭാഗത്ത് നിന്ന് അധികം സംസാരം ഒന്നുമുണ്ടായില്ല. ബുദ്ധിപൂർവം ഹിറ്റായ പോലെ അഭിനയിച്ചു അവൻ പോയി കിടന്നുറങ്ങി. പാർട്ടി അവസാനിപ്പിച്ച് ഞങ്ങൾ കിടന്നു ഉറങ്ങിയപ്പോൾ 4 മണിയായി. 11 മണിയോടെ ബ്രേക്ക്ഫാസ്റ്റോക്കെ കഴിച്ചു എല്ലാവന്മാരും ഇറങ്ങാൻ റെഡിയായി