വിജയ് അസ്ലനെയും കൂട്ടി മഹീന്തറിന്റെ വീടിന് മുന്നിൽ എത്തി.
“അല്ല… ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ..” വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.
“എന്റെ പേര് ഇർഷാദ്.” അസ്ലന്റെ മറുപടി ഉടനടി വന്നു.
“ഭായ് ഇതാണ് മഹി ഭായുടെ വീട്.”
അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.
“അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?”
“മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്.” വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.
“മഹീന്തർ… ഞാൻ തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ…. ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും.” അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.
അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന ചിന്തയിൽ ആയിരുന്നു അവർ. എന്നാൽ അസ്ലൻ എടുത്തുചാടി ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതുവരെ അവർ ഇവിടെ ഉണ്ടെന്ന ഒരു സോളിഡ് എവിഡൻസ് കിട്ടിയിട്ടില്ല. അങ്ങനെ ഒന്ന് കിട്ടിയതിനു ശേഷം മാത്രം ബാക്കി പ്ലാൻ ചെയ്യാൻ ആയിരുന്നു അയാളുടെ താല്പര്യം.
രണ്ട് മൂന്ന് തവണ ബെൽ അടിച്ചതിന് ശേഷം ആണ് കതക് തുറന്നത്.
“എത്ര നേരമായി ചോട്ടു ബെൽ അടിക്കുന്നു ഞാൻ, ചെവി കേക്കില്ലേ നിനക്ക്?” ഡോർ തുറന്ന് വന്ന ചോട്ടുവിനോട് വിജയ് ചോദിച്ചു.
താൻ പ്രതീക്ഷിച്ച ആളെ കാണാതെ അസ്ലന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. ശേഷം അയാൾ സംയമനം പാലിച്ചു.
“ഞാൻ ഉറങ്ങുവായിരുന്നു ബെൽ അടിച്ചത് കേട്ടില്ലെടാ. സോറി.എന്താടാ?”
“ഉവ്വ ഉവ്വ… മഹി ഭായ് എവിടെ? ദേ ഈ പുള്ളി മഹി ഭായിയെ കാണാൻ വന്നതാ.” വിജയ് അസ്ലനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.