പറഞ്ഞത് പോലെ തന്നെ അസ്ലൻ നയിച്ച ഒരു ടീം മുകളിലേക്ക് കയറാൻ തയ്യാറായി. അതേ സമയം സാജിദ് ബാക്കി അഞ്ചു പേരുമായി താഴെ മെയിൻ ഡോറിന് വെളിയിൽ വെയിറ്റ് ചെയ്തു.
വിവേക് ആണ് ആദ്യം മുകളിൽ എത്തിയത്. അവൻ നന്നേ കഷ്ടപ്പെട്ട് ആണ് അവിടെ വരെ എത്തിയത്. ശേഷം അവന്റെ സപ്പോർട്ട് കൊണ്ട് വേറൊരുവൻ കൂടെ മുകളിൽ എത്തി. രണ്ടാമത്തെ ആൾ ബാക്കി ഉള്ളവരെ മുകളിലേക്ക് കയറാൻ സഹായിക്കാൻ തുടങ്ങി. അതേ സമയം മുൻകൂട്ടി നിശ്ചയിച്ച പോലെ വിവേക് വേഗം ഒന്നാം നിലയിലേക്ക് ടെറസിൽ നിന്നും ഇറങ്ങുന്ന ഗ്രിൽ കട്ട് ചെയ്യാൻ തുടങ്ങി.
10 മിനിറ്റ് കൊണ്ട് അവൻ അതിന്റെ രണ്ട് കമ്പി ഇളക്കി ഒരാൾക്ക് അതിനുള്ളിൽ കൂടെ അകത്തേക്ക് വരാൻ പറ്റുന്ന രീതിയിൽ ആക്കി. അവൻ പതിയെ അതുവഴി താഴേക്ക് ഇറങ്ങാൻ തുടങ്ങി.
അപ്പോഴേക്കും ഇനി മുകളിൽ എത്താൻ അസ്ലൻ മാത്രം ആയിരുന്നു. ബാക്കി ഉള്ള അഞ്ചുപേർ വിവേക് ഡോർ തുറക്കുന്നതിനായി വെളിയിൽ കാത്തിരുന്നു. ഇരുട്ടിന് ഒന്നുകൂടെ കനം വെച്ചപോലെ തോന്നി അവർക്ക്.
അൽപ സമയത്തെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പതിയെ ഒരു പാളി മാത്രം തുറന്നതും സാജിദും ബാക്കി ഉള്ളവരും സമയം പാഴാക്കാതെ ഉള്ളിലേക്ക് കയറി മെയിൻ ഡോർ ഉള്ളിൽ നിന്നും പൂട്ടി.
അവർക്ക് ഇനി ഒരു രക്ഷപ്പെടൽ ഉണ്ടാവില്ല അസ്ലന്റെ നീരാളി പിടുത്തത്തിൽ നിന്ന്. അത്ര വെടിപ്പായി തന്നെ അയാൾ അയാളുടെ പ്ലാനുകൾ എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങി.
അതേ സമയം തന്നെ അസ്ലൻ മുകളിൽ എത്തി. അവർ നാല് പേർ ശ്വാസം പോലും അടക്കി പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങി. പോകുന്ന വഴി എല്ലാം അവർ ഓരോ മുക്കും മൂലയും ശ്രദ്ധിച്ചാണ് പോയത്. മുകളിലെ രണ്ട് റൂമിലും കയറി എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. എല്ലാവരും താഴെ തന്നെ കാണണം അപ്പൊ.
ഇതേ സമയം താഴെ ഉള്ള ടീമും അവരുടെ സെർച്ചിങ് തുടങ്ങിയിരുന്നു. മുകളിൽ നിന്ന അസ്ലനും മറ്റുള്ളവരും താഴേക്ക് പതിയെ ഇറങ്ങി തുടങ്ങി. കൃത്യമായ ഗ്യാപ് ഇട്ട് ആണ് ഓരോരുത്തരും ഇറങ്ങുന്നത്.