അസ്ലന്റെ വായിൽ നിന്നും ആ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി.. ജാനകിയുടെയും മഹീന്തറിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല. അത് കണ്ട അസ്ലൻ ഉറക്കെ ചിരിച്ചു. മരണത്തിന്റെ വക്കിൽ നിന്നും തിരികെ വന്നവന്റെ ചിരി.
“എന്താടാ… ആ പേര് കേട്ടപ്പോ നിനക്ക് ഒരു ഞെട്ടൽ ങേ? നിന്റെ കട്ട ദോസ്ത് ആയിരുന്നല്ലേ അവൾ? എന്നാ കേട്ടോ അവൾ ഇപ്പൊ എന്റെ പിള്ളേരുടെ കൂടെ ആണ്. നിനക്ക് അവളാണോ അതോ എന്നോടുള്ള പ്രതികാരം ആണോ വലുത് എന്ന് ഒന്ന് ആലോചിക്ക്.” ഹരി ഒന്നും മിണ്ടാൻ ആവാതെ നിന്നുപോയി.
അത് കണ്ട അസ്ലൻ അവനരുകിൽ വന്നു അവന്റെ ചെവിയോരം അവൻ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.
“അവളെ തിരികെ വേണം എങ്കിൽ എനിക്ക് നീ ഈ കൂട്ടത്തിൽ നിന്ന് ഒരുത്തിയെ തരണം. അങ്ങനെ ഒരുത്തിയെ നീ എനിക്ക് തരുമ്പോ ഇവിടെ കൂടി നിൽക്കുന്നവർ നിന്റെ അനിയത്തി ഉൾപ്പടെ നിന്നെ ഒരു പുഴുത്ത പട്ടിയെ നോക്കും പോലെ നോക്കും. അതാണ് നിനക്ക് ഞാൻ കരുതി വെക്കുന്ന സമ്മാനം.” അസ്ലന്റെ പകയെരിയുന്ന വാക്കുകൾ കേട്ടതും ഹരിയുടെ മുഖം വലിഞ്ഞു മുറുകി.
എല്ലാവരുടെയും മുഖത്ത് വീണ്ടും അപകടം മണക്കുന്നത് കണ്ട് അസ്ലന് തന്റെ ഉടഞ്ഞുപോയ ഊർജം തിരികെ വന്നപോലെ ആയി. അയാൾ തന്റെ കൂട്ടാളികളെ ഉണർത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്റെ അരയിൽ എപ്പോഴും ഉണ്ടായിരുന്ന ചെറിയ ബാഗിൽ നിന്നും അയാൾ ആന്റി ഡോസ് സിറിഞ്ചിൽ നിറച്ച് അവരിൽ ഇൻജെക്റ്റ് ചെയ്യാൻ തുടങ്ങി.
ഈ നിമിഷം അത്രയും എല്ലാവരും അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു. അത് അസ്ലനെ കൂടുതൽ സന്തോഷത്തിൽ ആക്കി. അവൻ അവരെയെല്ലാം നോക്കി പലവിധ ഭീഷണികളും മുഴക്കിക്കൊണ്ട് ഇരുന്നു.
“എന്നെ തോൽപ്പിക്കാൻ നിങ്ങളുടെ ഈ പൊട്ടകിണറ്റിലെ ബുദ്ധി പോര… നീ ഒക്കെ വിചാരിച്ചാൽ എന്റെ കക്ഷത്തിലെ ഒരു രോമം പോലും പറിക്കാൻ പറ്റില്ല. പക്ഷേ നിങ്ങൾ കൊള്ളാം… എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് പറ്റിയ എതിരാളികൾ തന്നെ. പക്ഷേ എന്ത് ചെയ്യാം… ആരും എന്നേക്കാൾ മുകളിൽ വരുന്നത് എനിക്ക് ഇഷ്ടമല്ല.