“ചേച്ചിയോട് എനിക്ക് നന്ദി ഉണ്ട്… ചേച്ചി അന്ന് ഇറക്കി വിട്ടില്ലാരുന്നെങ്കിൽ ഇത് ഇങ്ങനെ അവസാനിക്കില്ലായിരുന്നു. ഒരുപക്ഷേ ഞങ്ങൾ ഒക്കെ കൊല്ലപ്പെട്ടേനെ.” ജാനകി അത് പറഞ്ഞതും മിഴിക്ക് വല്ലാണ്ടായി. അവൾ ഹരിയെ നോക്കി. അവന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.
“എന്റെ പോന്നു എക്സേ… അല്ല ഹരിയെ… നീ അവിടുന്ന് പോയെ പിന്നെ ഇവൾ ഒന്ന് മര്യാദക്ക് ചിരിച്ചു കണ്ടിട്ടില്ല ഞാൻ. എപ്പ നോക്കിയാലും മോന്ത വീർപ്പിച്ചു ഒരു ഇരിപ്പാ..” പൂജ അത് പറഞ്ഞു മിഴിയുടെ കവിളിൽ ഒരു കുത്ത് കുത്തി.
“എക്സ്.. അല്ല ഹരി… സോറി ഡാ . എനിക്ക്… അപ്പൊ…” മിഴി പറയാൻ തുടങ്ങിയതും ഹരി കൈ പൊക്കി തടഞ്ഞു.
“എനിക്ക് നിന്നെ മനസ്സിലാവും മിഴി… നീ അതിന് സോറി ഒന്നും പറയണ്ട. അങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് മാത്രം ആണ് ദേ എന്റെ ജാനി ഇന്നും ഇവിടെ ഇരിക്കുന്നത്. ഒരുപക്ഷേ അന്ന് അങ്ങനെ നീ എന്നോട് പെരുമാറിയില്ലായിരുന്നു എങ്കിൽ ഞാൻ അവിടെ തന്നെ നിന്നേനെ. പക്ഷേ ഇവൾ… ഇവളെ എനിക്ക് കിട്ടുമായിരുന്നോ? നീ തന്നെ ആലോചിച്ചു നോക്ക്.
ഇതെല്ലാം ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്ന് ഓർത്ത് നോക്ക്. നാട്ടിൽ എവിടെയോ ഉള്ള നീ പണ്ട് ലോൺ എടുക്കുന്നു, അത് അടക്കാൻ പറ്റാതെ വരുന്നു, ജപ്തിയുടെ വക്കിൽ എത്തുന്നു. അതേപോലെ നാട്ടിൽ എവിടെയോ ഉള്ള ഞങ്ങൾ പൂനെ എത്തുന്നു എന്റെ ഓർമ്മ പോകുന്നു, ഞാൻ നിങ്ങൾക്ക് അരികിൽ എത്തുന്നു, നിന്റെ വീട് ജപ്തി ആവുന്നു നീ എന്നോട് അങ്ങനെ ഒക്കെ പറയുന്നു ഞാൻ ഇറങ്ങി പോകുന്നു വീണ്ടും ഇവളെ കണ്ട് മുട്ടുന്നു… അസ്ലനെ തീർക്കുന്നു.”
ഹരി അത്ഭുതത്തോടെ പറഞ്ഞു നിർത്തി.
“ഹോ എന്നാലും ഈ പൂച്ചയെ പോലെ ഇരിക്കണ പെണ്ണ് അവനെ ആ സർജിക്കൽ ബ്ലേഡ് കൊണ്ട് എന്ത് വെട്ടാണ് വെട്ടിയത്. സമ്മതിക്കണം മോളേ നിന്നെ… തൊഴുതു ഞാൻ.” പൂജ ജാനകിയെ തൊഴുതു. അത് കണ്ട് എല്ലാവരും ചിരിച്ചു.