ഞാൻ എഴുന്നേറ്റു അന്നത്തെ കാര്യപരിപാടികളിലേക്ക് കടന്നു. ഉച്ചവരെ പുറത്ത് തെണ്ടി നടന്നിട്ട് കഴിക്കാൻ സമയം ആയപ്പോൾ തന്നെ വീട്ടിൽ ഹാജർ വെച്ചു. കഴിച്ച് കഴിഞ്ഞു ഒന്ന് കിടന്നതേ ഓർമ്മയുള്ളൂ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.
പരിചയം ഇല്ലാത്ത ഒരു നമ്പർ..
“ഹലോ ചേട്ടാ അഭിഷേക് ആണ്, കളി തൊടങ്ങാറായി ചേട്ടൻ എവിടാ? വേഗം വാ.”
“ആഹ് ഞാൻ ദേ എത്തി നീ എല്ലാം റെഡി ആക്കിക്കോ.”
സമയം നോക്കിയപ്പോൾ 4 മണി ആവാറായി, ശോ ഇത്ര നേരം ഉറങ്ങിയോ.
ഞാൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ജേർസി, ഷൂ മുതലായ സാധനസാമഗ്രികൾ എല്ലാം എടുത്തു അമ്മേടെ കണ്ണിൽ പെടാതെ ഓടി പാടത്തു എത്തി.
കളി ഒരുവിധം ജയിക്കാനായി, അപ്പോഴേക്കും എന്റെ അയലത്തെ വീട്ടിലെ ഒരു കാന്താരി ഒരുത്തി ഉണ്ട് ആമി, എന്റെ എല്ലാ കുരുത്തക്കേടും അമ്മയുടെ കാതിൽ എത്തിക്കുന്നത് ഇവൾ ആണ്.
അവൾ ഓടി വന്നു പറഞ്ഞു
“അരവിന്ദേട്ടാ ഏട്ടനെ അമ്മ വിളിക്കുന്നു അത്യാവശ്യം ആയിട്ട് ചെല്ലാൻ പറഞ്ഞു”
“ആഹ് ഇപ്പൊ പോവാം ഈ കളി ഇപ്പൊ തീരും. നീ അമ്മയോട് ചെന്ന് പറ.”
ഞാൻ അവളെ പറഞ്ഞു വിടാൻ നോക്കി.
“ഏട്ടൻ ചെന്നില്ലേ അമ്മ ഇങ്ങോട്ട് വരുമെന്ന് പറയാൻ പറഞ്ഞു.”
“ങേ…” ഞാൻ ഒന്ന് ഞെട്ടി. ഇതെന്താ ഇപ്പൊ ഇത്ര അത്യാവശ്യം. ആഹ് പോയിനോക്കാം. ഞാൻ പിള്ളേർ സെറ്റിനോട് പറഞ്ഞിട്ട് ഒരുത്തനെ സബ് ഇറക്കിട്ടു അവിടെ നിന്നു വീട്ടിലേക്കു അവളേം കൂട്ടി നടന്നു.
“എന്താടി കാര്യം എന്താ ഇത്ര അത്യാവശ്യം? റേഷൻ കടയിൽ വല്ലതും പോവാൻ ആണോ? ” ഞാൻ ചോദിച്ചു.
“പിന്നെ അതൊന്നും ആവില്ല ഇത് വേറെ എന്തോ പ്രശ്നം ആണ് സത്യം പറ വല്ലതും ഒപ്പിച്ചോ?” അവളുടെ ചോദ്യം കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി.
“ദൈവമേ വല്ല സിഗരറ്റ് കുറ്റി വല്ലതും കിട്ടികാണുവോ കയ്യിൽ. വല്ലപ്പോഴും കൂടി ഒന്ന് പുകയ്ക്കും എന്നല്ലാതെ ഇത് ഞാൻ അങ്ങനെ സ്ഥിരം ഉപയോഗിക്കാറില്ല.”
ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ഒരു പുതിയ കാർ കിടക്കുന്നു.
“ഇതാരാ ഇപ്പൊ പുതിയ കാറിൽ ഒക്കെ വരാൻ മാത്രം?”
ഞാൻ പതിയെ ഗേറ്റിനു മോളിൽ കൂടി ഒന്ന് എത്തിനോക്കി. നോക്കുമ്പോ അമ്മ എളിയിൽ കയ്യും കുത്തി മുറ്റത്തോട്ട് നോക്കി നിൽക്കുന്നുണ്ട്. മുഖത്ത് വല്യ കലിപ്പ് ഭാവം ഒന്നും ഇല്ല, ആശ്വാസം…
ഞാൻ പരിസരം വീക്ഷിക്കുന്നതിനിടയ്ക്ക് ആമി ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് നടന്നു.
“ഹോ.. ഈ പെണ്ണിനെ കൊണ്ട്…” പഠിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണെങ്കിലും അവളുടെ നാക്ക് ഡിഗ്രിക്ക് ആണ് പഠിക്കുന്നെ.