“ആ…. വേദനിക്കുന്നു പിടിവിട് ഞാൻ കേക്കുന്നുണ്ട് പറഞ്ഞോ. ഉഫ്… മുടി വലിച്ചു പറിച്ചു എടുത്തല്ലോ”
“ഡാ അതെ നിനക്ക് പ്രായം എത്ര ആയെന്നു വല്ല ബോധം ഉണ്ടോ..? നിന്റെ കൂടെ പഠിച്ചതല്ലേ അർജുനും അവനെ കണ്ടോ ഒരു പക്വത ഒക്കെ വന്നു. നീ ഇപ്പഴും ഈ ഇത്തിരിപ്പോന്ന പിള്ളേർടെ കൂടെ പന്തും ഉരുട്ടി പാടം ഉഴുതു നടക്കുന്നു.” അമ്മ ഒന്ന് പറഞ്ഞു നിർത്തി.
കാര്യം എന്താന്ന് എനിക്ക് ഏകദേശം പിടികിട്ടി, കല്യാണം. പക്ഷെ ഞാൻ അനങ്ങിയില്ല. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ചിന്ത എനിക്ക് ഇതുവരെ തോന്നിട്ടില്ല. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ഒന്ന് രണ്ടു പേരോട് ഇഷ്ടം തോന്നിയിരുന്നു. എന്നാൽ അവർക്ക് നമ്മളെ ഇഷ്ടവണ്ടേ…
ചിലർ ഉണ്ട് പുറകെ നടന്നു പുറകെ നടന്നു പല പല അടവുകൾ എടുത്ത് അവരെ കൊണ്ട് എങ്ങനേലും ഇഷ്ടാണ് എന്ന് പറയിക്കും. അമ്മ വളർത്തിയ മകൻ ആയകൊണ്ട് ആവണം എനിക്കെന്തോ അങ്ങനെ ചെയ്യാൻ തോന്നിട്ടില്ല.
“നീ എന്താ ആലോചിക്കണേ?” എന്റെ കിടപ്പ് കണ്ട് അമ്മ ചോദിച്ചു.
“ഒന്നുല്ല… അമ്മ പറഞ്ഞു വരണത് എന്താന്ന് എനിക്ക് മനസിലായി. എനിക്ക് അതിനു ഉള്ള പ്രായം ഒന്നും ആയില്ലല്ലോ പതുക്കെ മതിയെന്നേ ആരെങ്കിലും ഒക്കെ പെണ്ണ് കെട്ടി എന്നുവെച്ചു ഞാനും കെട്ടണോ.? നമക്ക് നമ്മൾ മാത്രം പോരെ അമ്മേ..?
“അത് മനസിലാവണം എങ്കിൽ നീ ഒരു അച്ഛൻ ആവണം, സ്വന്തം മക്കൾ ഇങ്ങനെ കെട്ടാതെ നിക്കണത് ഏത് അച്ഛനമ്മ മാർക്കാടാ സഹിക്കാൻ പറ്റുന്നത്.
ഇന്ന് ആ കൊച്ചിനെ കണ്ടപ്പോ മുതൽ ആണ് ഞാനും കെട്ടുപ്രായം കഴിഞ്ഞ ഒരുത്തന്റെ അമ്മയാണല്ലോ എന്ന ബോധം വന്നത്. ഇതിനുമുൻപും നിന്റെ കൂട്ടുകാരുടെ കല്യാണം കഴിഞ്ഞിട്ടുണ്ട് പക്ഷെ അപ്പൊ ഒന്നും എനിക്ക് അങ്ങനെ തോന്നിയില്ല. എന്നാൽ ഇന്ന് നിഷേടെ കളീം ചിരീം ഒക്കെ കണ്ടപ്പോ….”
എന്റെ തല മടിയിൽ നിന്നും ഇറക്കി വെച്ച് അമ്മ എഴുനേറ്റു. ഞാനും എന്ത് പറയണം എന്നൊരു അവസ്ഥയിൽ ആയിരുന്നു. ഇതിനു മുൻപ് എന്നോട് അമ്മ ഇങ്ങനെ ഒന്നും സംസാരിച്ചിട്ടേ ഇല്ല. ഞാൻ എഴുനേറ്റു കട്ടിലിൽ തന്നെ ഇരുന്നു.
അമ്മ എന്റെ വലിച്ചുവാരി ഇട്ടേക്കുന്ന ഡ്രസ്സ് ഒക്കെ മടക്കിവെക്കാൻ തുടങ്ങി.
“ഞാൻ ഒരുപാട് ആഗ്രഹിച്ചതാ ഒരു മോളെ.. എന്നാൽ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നില്ല. ചിലർക്ക് പെൺകുട്ടി ജനിച്ചാൽ അവർക്ക് ഭയങ്കര നിരാശ ആണ്, എന്നാൽ എനിക്ക്…. മോളെ എനിക്ക് ദൈവം തന്നില്ല ആ നഷ്ടം ഒരു മരുമോളിൽ കൂടി എനിക്ക് നികത്തണം. ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ആലോചിച്ചു ഒരു തീരുമാനം പറ.”
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അല്ലേലും ഞാൻ എന്ത് പറയാൻ ആണ്. അമ്മ പറയുന്നത് കാര്യം അല്ലേ.
“നിനക്ക് നാളെ എന്താ കഴിക്കാൻ വേണ്ടേ?” വീണ്ടും അമ്മയുടെ ശബ്ദം..