“ഓ മതി അടിവെച്ചത്…. ഡാ ഞാൻ എന്തായാലും ആ ബ്രോക്കറോട് പറയാൻ പോകുവാ എനിക്ക് മടുത്തു നിനക്ക് ഇങ്ങനെ വെച്ച് വിളമ്പി, ഇനി വേണേൽ ഒരുത്തിയെ കെട്ടിക്കൊണ്ട് വാ. ഹല്ല പിന്നെ.. ”
അമ്മ എന്റെ തലയിൽ ഒരു കിഴുക്കും തന്നിട്ട് അടുക്കളയിലേക്ക് പോയി.
ഇതെല്ലാം കണ്ട് ആമി വാ പൊത്തി ചിരിച്ചു.
“മതിയെടി ഇരുന്നു ഇളിച്ചത് കഴിച്ച് കഴിഞ്ഞില്ലേ എണീറ്റു പൊക്കൂടെ.”
“നീ പോടാ…”
“ഡീ..ഡീ.. എന്താ വിളിച്ചേ?” ഞാൻ കൈ ഓങ്ങിയതും അവൾ പാത്രവും എടുത്ത് ഇറങ്ങി ഓടി. പെണ്ണിന്റെ ഒരു കാര്യം വൈകിട്ട് വരും അപ്പൊ പിടിച്ചോളാം.
**********************
വൈകുന്നേരം വന്നപ്പോ ഞാൻ കാണുന്നത് ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടനെ ആണ്, ആൾ ചായ ഊതി ഊതി കുടിക്കുന്നു. ഓ അപ്പൊ അമ്മ രണ്ടും കൽപ്പിച്ചാണ്. എന്നാ പിന്നെ ഞാനും അങ്ങ് സമ്മതിച്ചേക്കാം. പക്ഷെ അങ്ങനെ പെട്ടെന്ന് സമ്മതിച്ചു കൊടുത്താൽ എന്റെ ഇമേജ് എന്താവും. തല്ക്കാലം ഒരു മൗനസമ്മതം കൊടുക്കാം.
എന്നെ കണ്ടതും കുഞ്ഞപ്പൻ ചേട്ടൻ വെളുക്കെ ഒന്ന് ചിരിച്ചു.
“അമ്മ എല്ലാം പറഞ്ഞു, മോൻ വെഷമിക്കണ്ട കേട്ടോ നല്ല പൂവമ്പഴം പോലത്തെ കൊച്ചുങ്ങളെ ഈ കുഞ്ഞപ്പൻ ചേട്ടൻ കാണിച്ചു തരാം.”
“പൂവമ്പഴോം ഏത്തപ്പഴോം ഒന്നും വേണ്ട ചേട്ടാ ഇവനെ ഒന്ന് നിലയ്ക്ക് നിർത്താൻ പറ്റിയ ഒരെണ്ണം മതി, ഇവന്റെയൊക്കെ പൊറകേ പോയി ഞാൻ മടുത്തു.” അമ്മ ഒരു പാത്രത്തിൽ മിച്ചറും ആയി പുറത്തേക്കു വന്നു. കൂടെ ഒരു ഗ്ലാസിൽ ചായ എടുത്തു ആമിയും.
“ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ.. ഇങ് വന്നേ ചോയ്ക്കട്ടെ.” ഞാൻ അവളെ പിടിക്കാനായി കൈ നീട്ടി. അവളത് മുൻകൂട്ടി മനസിലാക്കി നേരെ അമ്മേടെ പിന്നിൽ ഒളിച്ചിട്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.
“ദേ ഇതാണ് ഇവിടുത്തെ പ്രശ്നം, ഈ കുഞ്ഞു പിള്ളേർടെ കൂടെ അടി കൂടുക, പന്ത് ഉരുട്ടി നടക്കുക പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കുഞ്ഞപ്പൻ ചേട്ടനോട് എന്റെ സ്വഭാവഗുണങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. ഇനി ഇവിടെ ഇരിക്കുന്നത് പന്തികേട് ആണ്. ഞാൻ അകത്തേക്ക് വലിഞ്ഞു.
ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ അമ്മേം ആമിം കൂടി ഏതോ കൊറേ പെണ്ണുങ്ങളുടെ ഫോട്ടോയും കൊണ്ട് വന്നു എനിക്ക് ഇരുവശത്തും ഇരുന്നു.
“ദേ നോക്ക് ഏട്ടാ ആ ബ്രോക്കർ മാമൻ തന്നതാ. ഈ ചേച്ചി എങ്ങനൊണ്ട് എനിക്ക് ഇഷ്ടായി.” ആമി ഒരു ഫോട്ടോ എടുത്തു കാണിച്ചു. ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇടംകണ്ണിട്ട് ഫോട്ടോയിൽ നോക്കി.