“മഴ കാണാൻ ഒക്കെ ഇഷ്ടാണ്, പക്ഷെ ഇങ്ങനെ അസമയത്തു പെയ്തത് ആകെ ബുദ്ധിമുട്ട് ആയി. മഴ പെയ്തില്ലായിരുന്നേൽ നമ്മൾ ഇപ്പൊ വീട്ടിൽ എത്തിട്ടുണ്ടാവും.”
“അല്ല വേറൊന്നും അല്ല, ഞാൻ വായിച്ച കഥകളിൽ ഒക്കെ നായികയ്ക്ക് മഴ ഭയങ്കര ഇഷ്ടം ആണ്, മഴ നനയാനും.”
“അരവിന്ദേട്ടൻ വായിക്കാത്ത കഥയിലെ നായികയാണ് ഞാൻ. അങ്ങനെ കൂട്ടിക്കോളൂ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശ്ശെ ചോദിക്കണ്ടായിരുന്നു…ഞാൻ വെറും പൈങ്കിളി ആണെന്ന് കരുതി കാണും. വെറുതെ ഇവളുടെ വായിൽ ഇരിക്കുന്നത് കേട്ടു.” അവൻ മനസ്സിൽ ഓർത്തു.
“ഏട്ടൻ എന്താ ചെയ്യുന്നേ?”
“ഞാനോ.. ഞാൻ സെയിൽസ് ഓഫീസർ ആണ്. ഇയാളോ?”
“ഞാൻ ഡിഗ്രി കഴിഞ്ഞു ജോലി നോക്കികൊണ്ട് ഇരിക്കുന്നു. ഇപ്പോ തത്കാലം ഒരു കാൾ സെന്ററിൽ ജോലിക്ക് പോകുന്നുണ്ട്. കൂടെ തന്നെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. ഒന്നും ആയില്ല.”
“ഓ.. പിന്നെ ഞാൻ ഇയാളെ ഒന്ന് കാണണം എന്നുവെച്ചിരിക്കുവാരുന്നു ഒരു സോറി പറയാൻ, അന്ന് ഞാൻ കുറച്ച് മോശമായിട്ടാ പെരുമാറിയത് തന്നോട്. സോറി…” അവൻ മടിച്ചു മടിച്ചു പറഞ്ഞു.
“എയ് അത് സാരമില്ല, അതിപ്പോ ആരാണേലും അങ്ങനെ അല്ലേ ചെയ്യൂ. അല്ലെങ്കിലും എനിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കൊണ്ട് അച്ഛൻ എന്നെ ഒന്ന് വഴക്ക് പറയാറുകൂടി ഇല്ല അതാ…”
“ഓ..സോറി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല, എനിക്ക് അമ്മ മാത്രേ ഉള്ളു, അപ്പൊ അന്ന് അമ്മ വീണപ്പോ പെട്ടന്ന് ഉള്ള ദേഷ്യത്തിന് പറഞ്ഞുപോയതാ.”
“മ്മ് എനിക്ക് അത് മനസിലാവും. അല്ലെങ്കിലും അമ്മ വളർത്തിയ മക്കൾക്ക് മറ്റു പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നൊക്കെ അറിയാൻ പറ്റും.” നയന അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.
“എയ് എനിക്ക് അങ്ങനെ അധികം കമ്പനി ഇല്ല പെണ്ണുങ്ങളുമായി. ആകെ ഉള്ള കമ്പനി ആമിയാണ്.”
മഴ അപ്പോഴേക്കും പെയ്ത് ഒഴിയാറായിരുന്നു. അല്പനേരം രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അവർക്കിടയിൽ ഇപ്പോൾ ആകെ ഉള്ള ശബ്ദം മഴത്തുള്ളികൾ വീണു ചിതറുന്നതാണ്.
“അല്ല..ഇയാൾ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നോ ലേറ്റ് ആവും എന്ന്?” മൗനം ഭേദിച്ചു വീണ്ടും അവൻ സംസാരിച്ചു തുടങ്ങി.