നയന അപ്പോഴേക്കും അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. ഞാനും അച്ഛനും ഓരോന്ന് പറഞ്ഞു അവളുടെ പിന്നാലെ വീട്ടിലേക്ക് നടന്നു. “അല്ല മോന്റെ പേരെന്തായിരുന്നു? ഞാൻ അത് മറന്നു.” “അരവിന്ദ്..” അദ്ദേഹം എന്റെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ നല്ലൊരു ശ്രോതാവായി ഇരുന്നു. സാദാരണ ഒരാളെ കത്തിവെച്ചു കൊല്ലുന്ന പോലത്തെ സംസാരം ആയിരുന്നില്ല അദ്ദേഹത്തിന്റെ, എനിക്ക് ബോർ അടിക്കുന്നു എന്ന് തോന്നിയാൽ അപ്പൊ തന്നെ വിഷയം മാറ്റും. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ മാഷാണ്, ഇപ്പൊ ടൗണിൽ ഒരു ചെറിയ ബിസിനസ് നടത്തുന്നു. എല്ലാ കാര്യത്തിലും നയനയുടെ അച്ഛനുള്ള കാഴ്ചപ്പാട് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ നയന 3 കപ്പിൽ ചായയുമായി എത്തി. എല്ലാരും ചായ എടുത്തു. സത്യത്തിൽ ആ ചൂട് ചായ കയ്യിൽ പിടിച്ചപ്പോ തന്നെ തണുപ്പിന് ഒരു ആശ്വാസം വന്ന പോലെ തോന്നി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാനും അവരോടു വല്ലാതെ അടുത്ത പോലെ തോന്നി. എനിക്ക് എല്ലാം ഒരു പുതുമയുള്ള അനുഭവം ആയിരുന്നു. കാരണം അച്ഛന്റെ തണൽ ഞാൻ അധികം അനുഭവിച്ചിട്ടില്ല എന്നത് തന്നെ, പിന്നെ എനിക്ക് പെൺസുഹൃത്തുക്കൾ വളരെ കുറവായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആണ് നയനയെ ഇപ്പൊൾ ഞാൻ കണ്ടുമുട്ടിയത്. സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.
“ഞാൻ എന്ന ഇറങ്ങട്ടെ, ഞാൻ ചെന്നിട്ടു വേണം അമ്മയെ വീട്ടിലോട്ട് കൊണ്ടുപോകാൻ.”
“ആഹ് എന്ന പിന്നെ അങ്ങനെയാവട്ടെ, മോന് ബുദ്ധിമുട്ടായല്ലേ ഈ മഴയത്ത് ഇവളെ ഇവിടം വരെ കൊണ്ടുവന്നത്.” അദ്ദേഹം നയനയെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“ഹേയ് അങ്ങനൊന്നും വിചാരിക്കണ്ട ഇതിലിപ്പോ എന്ത് ബുദ്ധിമുട്ട് ആണ്.”
“ഇനി ഇതിലെ വരുമ്പോൾ ഇങ്ങു വരണം കേട്ടോ, വിളിക്കാൻ ഒന്നും നിക്കണ്ട.”
“ഓ അതിനെന്താ, ഇനിയൊരിക്കൽ ആവട്ടെ.” അച്ഛനൊരു ഷേക്ക് ഹാൻഡ് കൊടുത്ത് ഞാൻ നയനയെ നോക്കി കണ്ണ് കൊണ്ട് വിട പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ആക്കാൻ നേരം നയന അടുത്തേക്ക് വന്നു, അച്ഛൻ സിറ്റ് ഔട്ടിൽ തന്നെ നിന്നതേ ഉള്ളു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കിക്കർ അടിച്ചു. തണുപ്പ് അടിച്ചിട്ടാവണം അവന് സ്റ്റാർട്ട് ആവാൻ ഒരു മടി പോലെ. മൂന്നാമത്തെ അടിയിൽ സ്റ്റാർട്ട് ആയി. ഞാൻ ഒരിക്കൽ കൂടി അവളോട് വിട പറഞ്ഞു. അവൾ മൗനമായി നിന്നതേ ഉള്ളു. വണ്ടി മുന്നോട്ട് എടുത്തു. ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കേറുന്നതിനു തൊട്ടു മുൻപ് ഒന്ന് തിരിഞ്ഞു നോക്കി. അവൾ ഗേറ്റിന് അടുത്ത് തന്നെ ഉണ്ട്. അത് കണ്ടതും ഉള്ളിൽ എന്തോ സന്തോഷം തോന്നി.