ചെറിയ ഇരുട്ട് വീണ് തുടങ്ങി, തണുത്ത കാറ്റ് മുഖത്ത് അടിച്ചുകൊണ്ടേ ഇരുന്നു, മഴ പെയ്ത് കഴിഞ്ഞ് മണ്ണിൽ നിന്ന് വരുന്ന ആ മണവും ഒക്കെക്കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. തണുത്തു വിറച്ചാണ് ഞാൻ മുറിയിലേക്കു കയറിയത്. അമ്മ എന്നെ കാണാഞ്ഞത് കൊണ്ട് പുറത്തേക്കു ഇറങ്ങാൻ തുടങ്ങുവാരുന്നു. ആമി കട്ടിലിന്റെ കാലിൽ ചാരി ഇരുന്നു കഞ്ഞി കുടിക്കുന്നുണ്ട്. വിനയേച്ചി അവളുടെ കൂടെ തന്നെ കട്ടിലിൽ ഇരിക്കുന്നു. ചേട്ടൻ ആരെയോ ഫോൺ ചെയ്ത് സംസാരിക്കുന്നുണ്ട്.
“ഇതെന്താടാ ഇത്ര വൈകിയേ, വണ്ടി ഓടിക്കുവാരിക്കും എന്നു കരുതിയാ ഞാൻ പിന്നെ ഫോൺ വിളിക്കാഞ്ഞേ. ആ കൊച്ചിനെ കൊണ്ടുചെന്ന് ആക്കിയോ വീട്ടിൽ?” അമ്മ ഒറ്റ ശ്വാസത്തിൽ ഇത്രേം ചോദിച്ചിട്ട് എന്റെ മറുപടിക്ക് ആയി എന്നെ നോക്കി.
“പോണ വഴി മഴ പെയ്തു അതാ ലേറ്റ് ആയത്. ആ പെണ്ണിനെ ഞാൻ വീട്ടിൽ ആക്കി. പോരെ..” ഞാൻ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.
“മ്മ്…” അമ്മ ഒന്ന് നീട്ടി മൂളി.
“എന്ന പിന്നെ ഞങ്ങൾ ഇറങ്ങട്ടെ വിനയേ? ഇനിം നിന്നാൽ അടുത്ത മഴ പെയ്യും പിന്നെ പോക്ക് നടക്കില്ല.” അമ്മ വിനയേച്ചിയോട് പറഞ്ഞു.
“ഇവിടെ നിന്നോ വല്യമ്മേ എന്തിനാ വീട്ടിൽ പോണേ? അരവിന്ദേട്ടൻ പൊക്കോട്ടെ വല്യമ്മ ഇവിടെ നിക്ക്.” ആമി അമ്മയെ അരയിൽ ചുറ്റി പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“വല്യമ്മ നാളെ രാവിലെ ഇങ്ങു വരാം മോളെ, മോൾക്ക് നാളെ രാവിലെ എന്താ കഴിക്കാൻ വേണ്ടത്? മോള് പറയണ സാധനം വല്യമ്മ ഉണ്ടാക്കി കൊണ്ടരാം.” ആമിയെ ചേർത്ത് പിടിച്ച് ഉമ്മ കൊടുത്തോണ്ട് അമ്മ ചോദിച്ചു.
ഇവരുടെ ഈ സ്നേഹം കാണുമ്പോ എനിക്ക് ശെരിക്കും കുശുമ്പ് ആണ്. എന്നോട് അമ്മ ഇങ്ങനൊന്നും പറയാറില്ല. എന്നാലും ആമി എനിക്ക് എന്റെ കുഞ്ഞി പെങ്ങൾ തന്നെ ആണ്. ഒരമ്മേടെ വയറ്റിൽ നിന്ന് വന്നതല്ലെങ്കിലും അവളെ എനിക്ക് അത്രക്ക് ഇഷ്ടാണ്. പക്ഷെ ഞാൻ അത് പുറത്ത് കാണിക്കാറില്ല, അവളും കാണിക്കാറില്ല. പുറമെ ഞങ്ങൾ കീരിയും പാമ്പും ആണ് തമ്മിൽ കണ്ടാൽ അടിയാണ്.