ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. വരണ വഴി ഒരു തട്ടുകടയിൽ നിന്ന് നല്ല ദോശേം ഓംലെറ്റും കഴിച്ചു. അതോണ്ട് വന്ന ഉടനെ റൂമിൽ പോയി കിടന്നു. അമ്മ ജനലും വാതിലും ഒക്കെ അടക്കാൻ പോയി. മഴ വീണ്ടും പെയ്യാൻ തുടങ്ങി. യാദിർശ്ചികം ആണോ എന്തോ ഞാൻ അപ്പൊ ഓർത്തത് നയനയെ ആണ്.
“മാതാവേ…. വീണ്ടും പ്രേമം ആണോ.” ഞാൻ അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു.
“നിനക്ക് വല്ല വട്ടും ഒണ്ടോ ചെർക്കാ? വെറുതെ മേലോട്ട് നോക്കി ഇരുന്നു ചിരിക്കാൻ.” ഞാൻ ഒന്ന് ഞെട്ടി, നോക്കുമ്പോ അമ്മ വാതിലിൽ ചാരി എളിക്ക് കയ്യും കുത്തി നിക്കുന്നു. “ദൈവമേ എന്റെ പ്രേമം നീ മുളയില്ലേ നുള്ളുവാണോ?” ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് അമ്മയെ നോക്കി ഒന്ന് പല്ലിളിച്ചു കാണിച്ചു.
“വേണ്ട വേണ്ട നീ ഇളിച്ചൊന്നും കാണിക്കണ്ട, എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. ഞാൻ അത്ര മണ്ടി ഒന്നുമല്ല എന്നെന്റെ പൊന്നുമോൻ ഓർത്താൽ മതി.” “ങേ… എന്ത് മനസ്സിലായെന്ന പറയണേ. ഞാൻ വെറുതെ ഓരോ കോമഡി ആലോചിച്ചു ചിരിച്ചതാ. എന്റെ ദൈവമേ എനിക്ക് ഒന്ന് ചിരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഈ വീട്ടിൽ?” ഞാൻ കട്ടിലിൽ നിന്ന് എഴുനേറ്റ് കൈ രണ്ടും മലർത്തി ചോദിച്ചു.
“ഉവ്വ ഉവ്വ…നാളെ നീ ഓഫീസിൽ പോണ വഴി എന്നെ ആ ആശുപത്രിയിൽ ഒന്നിറക്കണം. കൊച്ചിന് രാവിലെ കഴിക്കാൻ ഇഡലി കൊണ്ടുപോണം.” “അയ്യേ നാളെ ഇഡ്ഡലി ആണാ..? എനിക്ക് വേണ്ട. എനിക്ക് പുട്ട് മതി.” “നിനക്ക് വേണ്ടേ നീ തിന്നണ്ട..അയ്യട.. പുട്ട് വേണേൽ പോയി ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിക്കാൻ നോക്ക്. പുട്ട് ഒന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റില്ല. ആമിമോൾക് ഇഡ്ഡലി വേണം എന്ന പറഞ്ഞത്.” അമ്മ ഒരു ദാക്ഷിണ്യവും ഇല്ലാണ്ട് പറഞ്ഞുകളഞ്ഞു.
“കറന്റ് പോകുവാരിക്കും, നിനക്ക് രാത്രി വെള്ളം വല്ലതും വേണേൽ ഇവിടെ എടുത്തു വെച്ചേക്ക്, ഇനി രാത്രിയിൽ തപ്പി തടഞ്ഞു വല്ലടുത്തും തട്ടി വീഴണ്ട.” അമ്മ അത് പറഞ്ഞു തീർന്നതും കറന്റ് പോയി.