“ആഹ് ബെസ്റ്റ്… അമ്മക്ക് കരിനാക്ക് ഉണ്ടോ. പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അതിന് മുന്നേ തന്നെ മൊത്തം അടിച്ചുപോയി.” ഞാൻ മൊബൈൽ എടുത്തു ഫ്ലാഷ് ഓൺ ആക്കി. “ആഹ് ഇനി റൂമിലോട്ട് നടന്നോ.. ഇന്നത്തെ കച്ചേരി ഒക്കെ കഴിഞ്ഞില്ലേ. ഇനി പോയി കിടക്കാൻ നോക്ക്. വാ ഇങ്ങോട്ട് ഞാൻ വെട്ടം അടിച്ചു തരാം.” ഞാൻ ഫ്ലാഷ് അടിച്ചു മുന്നേ നടന്നു അമ്മ എന്റെ പിന്നാലെയും.
“ഡാ നയന മോൾടെ അച്ഛനെ കണ്ടോ നീ?” റൂമിൽ നിന്ന് തിരിച്ചു പോരാൻ ഇറങ്ങിയ എന്നോട് അമ്മ ചോദിച്ചു. “ആ കണ്ടു..എന്തെ?” “എന്ത് പറഞ്ഞു എന്നിട്ട്?” “എന്ത് പറയാൻ.. മകളെ കൊണ്ടുവന്നു ആക്കിയതിനു നന്ദി പറഞ്ഞു. വേറെന്ത് പറയാൻ” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അങ്ങ് പറഞ്ഞു. അല്ലേ പിന്നെ ഓരോന്ന് കുത്തി കുത്തി ചോദിക്കും. അമ്മ ഒന്ന് മൂളുക മാത്രേ ചെയ്‌തുള്ളൂ. “ദൈവമേ ഡൌട്ട് അടിച്ച് കാണുവോ…? എയ്…ഇത് സാദാരണ പോലെ ചോദിച്ചത് ആവും.” ഞാൻ അങ്ങനെ ഒക്കെ മനസ്സിൽ പറഞ്ഞു എന്നെ തന്നെ സമാധാനിപ്പിച്ചു. നേരെ പോയി പുതച്ചു മൂടി കിടന്നു. തണുപ്പ് പുതപ്പിനുള്ളിലേക്ക് അരിച്ചിറങ്ങുന്നു. തലയണ ഒന്നുകൂടി ചേർത്ത് പിടിച്ച് കണ്ണ് പൂട്ടി കിടന്നു. അമ്മയുടെ കൈ പുറത്ത് വീണപ്പോ ആണ് ബോധം വന്നത്. “ഡാ..വേഗം എഴുനേറ്റു റെഡി ആയിക്കെ, ഹോസ്പിറ്റലിൽ പോകേണ്ടതാ ഇപ്പൊ തന്നെ 7 മണി കഴിഞ്ഞു.” ഞാൻ പതുക്കെ പുതപ്പ് മാറ്റി ഫോണിൽ നോക്കി 6.30 കഴിഞ്ഞതേ ഉള്ളു. ഇത് അമ്മേടെ സ്ഥിരം പരിപാടി ആണ്, 6 മണിക്ക് വിളിക്കാൻ പറഞ്ഞാൽ 5 മണിക്ക് തന്നെ വിളിച്ചിട്ട് 6 മണി കഴിഞ്ഞെന്ന് പറയും. ഞാൻ ഒന്നുകൂടി പുതച്ചു കിടന്നു ഉറങ്ങാൻ നോക്കി. എവിടെ… ഉറക്കത്തിന്റെ ആ ഫ്ലോ അങ്ങ് പോയി. പിന്നെ അധികം കിടന്നില്ല. നേരെ എഴുനേറ്റു പല്ല് തേച്ചു കുളിച്ചു റെഡി ആയി വന്നപ്പോ അമ്മ നല്ല ചൂട് ഇഡലിയും സാമ്പാറും എടുത്ത് വെച്ചിട്ടുണ്ട്. പിന്നൊന്നും നോക്കിയില്ല ഇരുന്നു തട്ടാൻ തുടങ്ങി. സത്യം പറയാല്ലോ ഇന്ന് സാദാരണ ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ട്. ആഹ് ആമിക്ക് വേണ്ടി ഉണ്ടാക്കിയ കൊണ്ടാവും. അവളുടെ ഒരു യോഗം അല്ലാണ്ടെന്താ.