“നീ ആ ഇഡലിം കിള്ളി കിള്ളി ഇരിക്കാണ്ട് വേഗം കഴിച്ചിട്ട് എഴുന്നേറ്റു വന്നേ താമസിച്ചാൽ മോൾക്ക് നല്ല വിശപ്പ് ആവും. ഇത് കഴിപ്പിച്ചിട്ട് വേണം മരുന്നൊക്കെ കൊടുക്കാൻ. വേഗം എഴുനേറ്റു വാ പോകാം.” അമ്മ അതും പറഞ്ഞു അടുക്കള വാതിൽ പൂട്ടാൻ പോയി.
കഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും അമ്മ റെഡി ആയി പുറത്ത് ഇറങ്ങി നിൽക്കുന്നുണ്ടാരുന്നു. ഒരു അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. “എന്നാൽ നീ പോയിട്ട് വാ, വൈകുന്നേരം ഈ വഴി വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവും. ഇനി അഥവാ ഞാൻ വീട്ടിലോട്ട് പോയാൽ ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം.”
“ആഹ് ശെരി.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. പറ്റുവാണെങ്കിൽ ഞാൻ ഉച്ച കഴിഞ്ഞു ഇറങ്ങാൻ നോക്കാം.”
അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് വണ്ടി വിട്ടു. ഒറ്റയ്ക്ക് വണ്ടി ഓടിച്ചപ്പോൾ വീണ്ടും ആ മുഖം മനസ്സിലേക്ക് വന്നു… നയന… എങ്ങനേലും അവളെ ഒന്നുകൂടി കാണണം. കുറച്ച് നേരം സംസാരിക്കണം. ഓരോന്ന് ആലോചിച്ചു ഓഫീസ് എത്തിയത് അറിഞ്ഞില്ല. അല്ലേലും നല്ല സമയങ്ങൾ പെട്ടെന്ന് കടന്നുപോകുവല്ലോ.
ഓഫീസിൽ പിടിപ്പത് പണി ആയിരുന്നു. ഒരു ചായ കുടിക്കാൻ ഉള്ള ഗ്യാപ് പോലും കിട്ടിയില്ല. ലഞ്ച് കഴിഞ്ഞു ക്യാന്റീനിലെ മരച്ചുവട്ടിൽ ഫോണും തോണ്ടി റസ്റ്റ് എടുക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്.
“ഹായ്…എന്നെ മനസ്സിലായോ?” നമ്പർ മാത്രേ ഉള്ളു.
ഞാൻ വിശദമായി ഒന്ന് നോക്കി ഡിപി ഒന്നും ഇല്ല. ഇതാരപ്പാ…
“ഇല്ല ആരാ? ” “നയന…”
അത് വായിച്ചതും എന്റെ റിലേ പോയി. ഞാൻ അറിയാണ്ട് തന്നെ ഞാൻ ചിരിച്ചുപോയി. ഹൃദയം ഒക്കെ പട പടാ ഇടിക്കാൻ തുടങ്ങി ആകെക്കൂടി ഒരു വൈക്ലഭ്യം. ഞാൻ ആ നിമിഷം തന്നെ നമ്പർ സേവ് ചെയ്തു. അപ്പൊ ദേ എഴുതി കാണിച്ചു “നയന കാളിങ്”
ഉഫ്… എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ…” “ഹലോ!! ഇത് ഞാനാ നയന, മനസ്സിലായോ?” “പിന്നെ മനസ്സിലാവാതെ…എന്റെ നമ്പർ എവിടുന്നു കിട്ടി?” “ഓർമയില്ലേ?? അന്ന് അരവിന്ദേട്ടന്റെ ഫോണിൽ നിന്നല്ലേ ഞാൻ അച്ഛനെ വിളിച്ചത്. ഞാൻ അപ്പൊ നമ്പർ സേവ് ചെയ്താരുന്നു.” “അത് ഇന്നലെ അല്ലേ… എന്നിട്ടിപ്പോ ആണോ വിളിക്കാൻ തോന്നിയത്..?” എന്തോ എനിക്ക് പെട്ടെന്ന് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്. “എയ്… അങ്ങനൊന്നുല്ല. ഞാനിപ്പോ ആമിടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇവിടെ ഒരു മരുന്ന് കിട്ടാനില്ല, അപ്പൊ അമ്മയാണ് പറഞ്ഞത് അരവിന്ദേട്ടനെ വിളിച്ചു പറഞ്ഞാൽ വൈകിട്ട് വരുമ്പോൾ വാങ്ങിട്ടു വരും എന്ന്. അതാ വിളിച്ചത്.”