ഈശോ…. അവൾ ഹോസ്പിറ്റലിൽ ഉണ്ടോ… ദൈവമേ എങ്ങനെങ്കിലും ഒന്ന് പുറത്ത് ചാടണോല്ലോ. എന്തും പറഞ്ഞാണ് ഇപ്പൊ ഓഫീസിൽ നിന്ന് ഇറങ്ങുന്നത്. എന്റെ മനസ്സിൽ അപ്പൊ അതായിരുന്നു ചിന്ത മുഴുവൻ.
“ഹലോ…കേൾക്കുന്നില്ലേ??” അവൾടെ സൗണ്ട് എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. “ഹാ കേക്കുന്നുണ്ട്. ആ മരുന്നിന്റെ പേരൊന്നു വാട്സാപ്പ് ചെയ്തേക്ക്. ഞാൻ വേഗം വരാൻ നോക്കാം. ഇയാൾ ഇപ്പൊ തിരിച്ചു പോകുവോ?”
“ഇപ്പൊ ഇല്ല കുറച്ച് കഴിഞ്ഞ് ഇറങ്ങും. എന്തെ?” “ഇല്ല, വെറുതെ ചോദിച്ചതാ.” “എന്നാ ശെരി ഞാൻ പേര് മെസ്സേജ് ചെയ്യാം വാങ്ങാൻ മറക്കണ്ട. ഓക്കേ?” “ഓക്കേ ശെരി….” രണ്ട് നിമിഷം കഴിഞ്ഞതും ഫോൺ കട്ട് ആയി. ഞാൻ ആകെ തരിച്ചു നിന്നുപോയി.
ദൈവമേ ഇവിടുന്ന് എങ്ങനേലും പുറത്ത് ചാടണം. എന്ത് കള്ളം പറഞ്ഞാൽ ആണ് ഒന്ന് പോകാൻ പറ്റുന്നത്. നയന പോകുന്നതിനു മുന്നേ ഹോസ്പിറ്റലിൽ എത്തണം. ഞാൻ ഒരു ഐഡിയക്ക് വേണ്ടി തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. അവസാനം പെങ്ങൾക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് തന്നെ പറഞ്ഞു. ആദ്യം കുറെ എതിർത്തെങ്കിലും അടുത്ത ശെനിയും ഞായറും ഒക്കെ വന്ന് പണി എടുത്തോളാം എന്ന ഒറ്റ വാക്കിന്റെ പുറത്ത് മാനേജർ ഹാഫ് ഡേ ലീവ് തന്നു. ഹാഫ് ഡേ എന്ന് പറയാൻ പറ്റില്ല. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മണി 3 ആയി. വേഗം ഒരു മെഡിക്കൽ ഷോപ്പിൽ കയറി നയന അയച്ച മെസ്സേജ് കാണിച്ചു.
മരുന്നും വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. 4 മണി കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിയപ്പോൾ. ബൈക്ക് പാർക്ക് ചെയ്ത് ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്. റൂമിന്റെ ഡോറിനു മുന്നിൽ എത്തിട്ടാണ് പിന്നെ നിന്നത്. ഓടി വന്ന കിതയ്പ് മാറ്റാൻ ആയി ഒരു 10 സെക്കന്റ് അവിടെ തന്നെ നിന്നു. അല്ലെങ്കിൽ ഉള്ളിൽ കേറുമ്പോൾ തന്നെ എല്ലാർക്കും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നും. കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തേക്ക് കയറി.