“ആഹ് നീ എത്തിയോ. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു.” ഞാൻ മരുന്ന് അമ്മേടെ കയ്യിലേക്ക് കൊടുത്തോണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. ഇല്ല അവളെ കാണാനില്ല. എന്നാൽ ബാത്‌റൂമിൽ ആരോ ഉണ്ട്. ദൈവമേ അത് അവൾ ആയിരിക്കണേ… “ഡോ താൻ എന്താ ഈ തിരിഞ്ഞു കളിക്കണേ?” ആമിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്നാൽ ആ ഞെട്ടൽ മുഖത്ത് വരും മുന്നേ ഞാൻ ഒഴിഞ്ഞു മാറി. “അല്ല വിനയേച്ചി വീട്ടിലേക്ക് പോയോ എന്ന് നോക്കിയതാ” “ഞാൻ ഇവിടെ ഉണ്ട്. എന്താടാ?” ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് വിനയേച്ചി പറഞ്ഞു.
ശ്ശെ…അപ്പൊ അവൾ എവിടെ പോയി…
“ഒന്നുല്ല ചേച്ചി കാണാഞ്ഞിട്ട് തിരക്കിയതാ.” ഞാൻ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു.
എന്തെന്നറിയില്ല എല്ലാരുടേം മുഖത്ത് ഒരു ആക്കിയുള്ള ചിരി ഉള്ള പോലെ… എയ് ഇനി എനിക്ക് തോന്നുന്നതാവും.
“നീ വല്ലതും കഴിച്ചോ?” “ആഹ് ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ അതാ ലേറ്റ് ആയിപോയത്.” ഞാൻ തെല്ലൊരു നിരാശയോടെ പറഞ്ഞു.
“ലേറ്റൊ? അതിന് ഇപ്പൊ 4 മണി കഴിഞ്ഞതല്ലേ ഉള്ളു സാദാരണ ഏട്ടൻ വരുമ്പോൾ 5 കഴിയില്ലേ.” ഒരു പിരികം പൊക്കി എന്നെ നോക്കികൊണ്ട് ആമി ചോദിച്ചു.
“അല്ല…അങ്ങനല്ല…ഞാൻ ആ കുട്ടി എന്നെ വിളിച്ച് കഴിഞ്ഞ് കൊറച്ചുകൂടെ കഴിഞ്ഞാണ് ഇറങ്ങിയേ എന്ന് പറഞ്ഞതാ…അല്ല അത് പറഞ്ഞപ്പോഴാ ഓർത്തെ ആ പെണ്ണ് പോയോ?” ഞാൻ അത് അവിടെ കിടന്ന ഒരു വാരിക എടുത്ത് കയ്യിൽ പിടിച്ചിട്ട് അത് വായിക്കുന്ന പോലെ ഇരുന്നാണ് ചോദിച്ചത്. സത്യത്തിൽ ഞാൻ അത് വായിച്ചൊന്നും ഇല്ല എന്റെ മുഖം അവർ കാണാതെ ഇരിക്കാൻ ഉള്ളൊരു ഉപാധി ആയെ ഞാൻ അതിനെ അപ്പൊ കണ്ടോള്ളൂ.
ചോദ്യം ചോദിച്ചു 3 സെക്കന്റ് കഴിഞ്ഞും എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ പതുക്കെ ആ വാരിക ഒന്ന് മാറ്റി. നോക്കുമ്പോ 6 കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നാൽ ആരും ഒന്നും പറയുന്നുമില്ല. ഈശ്വരാ പെട്ടു…
“ചേച്ചി പോയി.. ഞാൻ പറഞ്ഞതാ ഏട്ടൻ വന്നിട്ട് കൊണ്ടുപോയി ആക്കും എന്ന്. പക്ഷെ വല്യമ്മ കേട്ടില്ല. വെറുതെ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ലേറ്റ് ആക്കണ്ട പറഞ്ഞു. അവസാനം ചേച്ചി മനസില്ലാ മനസ്സോടെ ആണ് പോയത്.” ആമി അത് പറഞ്ഞു നിർത്തുമ്പോഴും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.