“ഒന്നും തോന്നരുത്, അമ്മ ഇല്ലാത്ത കുട്ടിയാ, ഞാനും കൊറേ കൊഞ്ചിച്ചു വഷളാക്കിട്ടുണ്ട് അതിന്റെതായ പ്രശ്നങ്ങൾ മോൾക്ക് ഉണ്ട്. നിങ്ങൾ വീണത് അവൾ കാരണം ആണെന്ന് എനിക്ക് ആദ്യമേ തോന്നി അവളുടെ പരുങ്ങൽ കണ്ടപ്പഴേ. ഒന്നും മനസ്സിൽ വെക്കരുത് കേട്ടോ.
ഇങ്ങനെ കുറച്ചു തല്ലുകൊള്ളിത്തരം ഉണ്ടെന്നേ ഉള്ളു ആള് പാവം ആണ്.” അയാൾ പറഞ്ഞു നിർത്തി.
“എയ് അത് സാരമില്ലെന്നേ, അമ്മ വീണപ്പോ ഞാനും ടെൻഷൻ ആയിപോയി അതാ. കൊഴപ്പോന്നും ഇല്ല ഒന്നും പറ്റിയില്ലലോ അത് തന്നെ വലിയ കാര്യം.” ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്തോ എനിക്ക് അയാളോട് പിന്നെ ഒന്നും അങ്ങ് പറയാൻ തോന്നിയില്ല.
“എന്നാൽ വാ, ഞാൻ ചായ എടുക്കാം മോൻ മുറ്റത്തേക്കു പൊയ്ക്കോളൂ.”
“അയ്യോ ചായ ഒന്നും വേണ്ട സർ, ഞങ്ങൾ ഇപ്പൊ ഇറങ്ങും.”
“ഹാ അങ്ങനെ പറഞ്ഞാൽ എങ്ങനാ മോൻ അങ്ങോട്ട് ചെല്ല് ഞാൻ ഇപ്പൊ വരാം.” എന്നെ തള്ളി മുറ്റത്തേക്കു വിട്ടിട്ട് അദ്ദേഹം അടുക്കള വഴി അകത്തേക്ക് കയറി.
ഞാൻ മുറ്റത്തേക്കു ചെല്ലുമ്പോൾ ആമി ഒരു 5 സ്റ്റാർ ചോക്ലേറ്റ് കയ്യിൽ പിടിച്ചു കടിച്ചോണ്ട് ഇരിക്കുന്നു. അമ്മ കസേരയിൽ ഇരിക്കുന്നുണ്ട്. ആ പെണ്ണ് അമ്മയുടെ കാലിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട് കൂടെ വാ തോരാതെ വർത്തമാനം പറയുന്നുമുണ്ട്. അമ്മ അതിനൊക്കെ മറുപടി പറഞ്ഞു ചിരിക്കുന്നുണ്ട്. ഈ അമ്മയെ കൊണ്ട്…. പെൺകുട്ടികൾ അമ്മേടെ വീക്നെസ് ആണെന്ന് തോന്നുന്നു.
“ചോദിക്കാൻ മറന്നു എന്താ മോൾടെ പേര്?”
“നയന”
“പഠിക്കുവാണോ മോള്?”
“പഠിത്തം കഴിഞ്ഞു ഇപ്പൊ ഒരു കാൾ സെന്ററിൽ ജോലി നോക്കുന്നു എറണാകുളത്തു. അത് തത്കാലം ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ജോലി ആണ് വേറെ നോക്കുന്നുണ്ട് ഒന്നും ആയില്ല.” അവൾ ചിരിച്ചോണ്ട് പറഞ്ഞു.
“ആഹ് എറണാകുളത്തു ആണോ ദേ ഇവനും അവിടെ ആണ്.” അമ്മ എന്നെ ചൂണ്ടി പറഞ്ഞു. അവൾ എന്നെ നോക്കിയതും ഞാൻ നോട്ടം മാറ്റി ആമിയുടെ അടുത്തേക്ക് പോയി.
“ഏട്ടാ ദേ ചേച്ചി തന്നതാ ഏട്ടന് വേണോ ചോക്ലേറ്റ്.” ഞാൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ അതൊന്നും മൈൻഡ് ആക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.