ആകെ ഒരു നഷ്ടബോധം ആയിരുന്നു പിന്നെ. ഹാ സാരമില്ല നമ്പർ കിട്ടിയല്ലോ ഇനി എങ്ങനേലും പതുക്കെ മെസ്സേജ് ഒക്കെ അയക്കാം. ഞാൻ എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചു. വാട്സാപ്പ് എടുത്തു നോക്കി. ലാസ്റ്റ് സീൻ 3 മണി. ഡിപി മാറ്റിയിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. അത് കണ്ടപ്പോൾ വീണ്ടും നഷ്ടബോധം. ആമിയും നയനയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് ഇട്ടേക്കുന്നത്. ആരെയെന്നില്ലാതെ ഞാൻ എന്നേ തന്നെ ശപിച്ചു.
“ഏട്ടൻ എന്താ ഈ പിറുപിറുക്കുന്നെ കൊറേ നേരായാലോ ഒരു വിമ്മിഷ്ടം.” ആമി ഒരു ഓറഞ്ച് തൊലി പൊളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. “ഓ ഒന്നുല്ല ഓഫീസിലെ ഓരോ ടെൻഷൻ.” ഞാൻ ഒരു ഓറഞ്ച് അല്ലി വാങ്ങി വായിലേക്ക് ഇട്ടു. അമ്മേം വിനയേച്ചിം കട്ടിലിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നു. എനിക്ക് ആകെ ബോർ അടിക്കാൻ തുടങ്ങി. ആമി ആണേൽ എന്റെ തോളത്തു ചാരി ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ പനി ഇപ്പൊ നല്ലോണം കുറഞ്ഞിട്ടുണ്ട്. നാളെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്‌തേക്കും.
“ഏട്ടാ ആ ഫോൺ താ ഞാൻ ഗെയിം കളിക്കട്ടെ. ” ആമി ഫോണിൽ പിടിച്ചു വലിച്ചോണ്ട് ചോദിച്ചു. “പോയി അവിടെങ്ങാനും കിടക്കാൻ നോക്ക് പെണ്ണെ പനി മാറി ഒന്ന് തല പൊക്കിയപ്പോഴേക്കും ഇനി ഫോണിൽ കളിക്കാഞ്ഞിട്ടാ…” വിനയേച്ചി അവളെ വഴക്കിടാൻ തുടങ്ങി. എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല. ഫോൺ വാങ്ങി അൺലോക്ക് ചെയ്ത് അവൾ ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. “ഉം ഇനിയെന്താ?” “ഒന്നുല്ല…” അവൾ ഒരു ആക്കിയ ചിരി ചിരിച്ച് എഴുനേറ്റു അമ്മയുടെ അടുത്തേക്ക് പോയി. അവർ മൂന്ന് പേരും കൂടി എന്തോ ഇരുന്നു കുശുകുശുക്കുന്ന കണ്ടു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു തലയണ എടുത്ത് കട്ടിലിലേക്ക് ചരിഞ്ഞു കണ്ണടച്ചു… പെട്ടെന്നാണ് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയത്. “ദൈവമേ… ഞാൻ ഫോണിൽ അവസാനം നോക്കിയത് നയനയുടെ ഡിപി അല്ലേ.. ആമി വരുന്നത് കണ്ട് ഞാൻ അത് അങ്ങനെ തന്നെ ലോക് ചെയ്തത് ആരുന്നു. അപ്പൊ അവൾ അൺലോക്ക് ചെയ്യുമ്പോ ആദ്യം കാണുന്നത് ആ ഡിപി ആവുമല്ലോ…” ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു.