അപ്പോഴേക്കും അവളുടെ അച്ഛന്റെ ചായയും ആയി വന്നു.
“ദാ എല്ലാവരും ചായ കുടിക്ക്.”
“അയ്യോ ഇതൊന്നും വേണ്ടാരുന്നു, എന്തിനാ ഇതൊക്കെ ഉണ്ടാക്കിയെ.”
“പിന്നെ വീട്ടിൽ വന്നവരെ വെറുതെ അങ്ങനെ പറഞ്ഞയക്കാൻ പറ്റുവോ.” അവളുടെ അച്ഛൻ പറഞ്ഞു.
“നിങ്ങൾ ചായ കുടിക്കാൻ നോക്ക് ഞാൻ ദാ വരുന്നു.” അദ്ദേഹം വീണ്ടും അകത്തേക്ക് പോയി.
“അല്ല എവിടെ മോൾടെ അമ്മ, ഇവിടെ ഇല്ലേ?”
അമ്മേടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ആ പെണ്ണിനെ നോക്കി അവളും ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു.
“അമ്മ.. അമ്മ പോയിട്ട് വർഷങ്ങൾ ആയി.” അത് പറഞ്ഞിട്ട് അവൾ അമ്മയുടെ കാലിൽ ബാൻഡേജ് കെട്ടാൻ തുടങ്ങി.
അമ്മ എന്ത് പറയണം എന്നറിയാതെ ഇരുന്നു. എന്തോ ഭാഗ്യം പോലെ അപ്പൊ തന്നെ അവളുടെ അച്ഛൻ പുറത്തേക്കു വന്നു അത്കൊണ്ട് തന്നെ ആ വിഷയത്തിൽ നിന്നും എല്ലാവരും തെന്നിമാറി.
കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഇറങ്ങാൻ റെഡി ആയി. അമ്മയ്ക്ക് ഇപ്പൊ നടക്കാൻ വല്യ ബുദ്ധിമുട്ട് ഇല്ല എന്നാലും ചെറിയൊരു വേദന ഉണ്ട്. ഞാൻ അദ്ദേഹത്തോട് യാത്ര പറഞ്ഞു അവളോട് ഒന്നും പറഞ്ഞില്ല, അതിനു എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല എന്ന് വേണം പറയാൻ. വണ്ടി ഇരുന്ന സ്ഥലം വരെ അമ്മയുടെ കയ്യും പിടിച്ചു അവൾ വന്നു.
ഞാൻ നേരെ കേറി വണ്ടി സ്റ്റാർട്ട് ആക്കി. ആമിയും അവളോട് യാത്ര പറഞ്ഞു എന്റെ പിന്നിൽ കയറി. അമ്മ അവളെ ചേർത്ത് നിർത്തി നെറുകയിൽ തലോടി.
“പോട്ടെ മോളെ… ഇനിയും എപ്പഴേലും കാണാം. ഞങ്ങളുടെ അങ്ങോട്ട് വല്ലതും വരുവണേൽ വീട്ടിൽ വരണം കേട്ടോ. ദാ ഇതാണ് വീട്ടിലെ ഫോൺ നമ്പർ.” അമ്മ ഒരു തുണ്ട് കടലാസ് അവൾക്കു നേരെ നീട്ടി. ഇതൊക്കെ എപ്പോ എഴുതി വെച്ചോ ആവോ.
“വാങ്ങിച്ചോ മോളെ അമ്മ തരുന്നതല്ലേ.” അമ്മ അത് അവളുടെ കയ്യിൽ കൊടുത്തിട്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു, എന്നിട്ട് വണ്ടിയിൽ കയറി. ഞാൻ പതിയെ വണ്ടി മുന്നോട്ടു എടുത്തു. അമ്മയും ആമിയും തിരിഞ്ഞു നോക്കി അവൾക്കു ടാറ്റ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. എന്നാൽ ഞാൻ മാത്രം നോക്കിയില്ല. പക്ഷെ വണ്ടിയുടെ കണ്ണാടിയിൽ ഞാൻ കണ്ടു ദാവണി ഉടുത്തു കണ്ണ് നിറഞ്ഞു നിൽക്കുന്ന ഒരു രൂപം.