“അല്ല ഈ നഴ്‌സിനെ വിളിക്കാൻ പോയ അമ്മ എവിടെ പോയി. ഇനി ചായ വല്ലതും വാങ്ങാൻ പോയോ.” ഞാൻ അത് ആമിയോട് പറഞ്ഞതും പുറത്ത് അമ്മ വേറെ ആരോടോ സംസാരിച്ചോണ്ട് വരുന്നത് കേട്ടു. ആമിയുടെ ഏതെങ്കിലും ബന്ധുക്കൾ ആവും, ഇവളെ കാണാൻ വരുന്നതാവും.
എന്നാൽ വന്ന ബന്ധുവിനെ കണ്ട് ഞാൻ വായിൽ വെച്ച ഓറഞ്ച് വിഴുങ്ങാൻ വരെ മറന്നുപോയി.
അതാ വീണ്ടും അവൾ – നയന.
“ഓ ആ കൊച്ചിന് വാങ്ങി വെച്ച ഓറഞ്ച് മുഴുവൻ തിന്നു തീർക്കും, നിന്നെ കൊണ്ട് തോറ്റല്ലോ.” അമ്മയുടെ ഈ ഡയലോഗ് ആണ് എന്നെ ഉണർത്തിയത്. ഞാൻ വേഗം അത് വിഴുങ്ങിയിട്ട് എഴുനേറ്റു ഒരു സൈഡിലോട്ട് മാറി നിന്നു.
“വാ മോളെ..” അമ്മ നയനയെ അകത്തേക്ക് ക്ഷണിച്ചു. അവൾ നടന്ന് ആമിയുടെ അടുത്ത് വന്നിരുന്നു. ഇടയ്ക്ക് എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം. എന്റെ ഓറഞ്ച് തീറ്റ കണ്ട് നോക്കിയതാവും. എന്നാലും അമ്മയുടെ ചില സമയത്തെ ഡയലോഗ് മനുഷ്യന്റെ ഉള്ള വില കളയും.
“ചേച്ചി എന്താ ഇവിടെ? എന്നെ കാണാൻ വന്നതാ?”
“അതേല്ലോ… ആമി മോൾക്ക് പനി പിടിച്ചു കിടപ്പാണെന്ന് ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ അപ്പൊ തന്നെ ഇങ്ങു പോന്നു.” ആമിയുടെ കവിളിൽ നുള്ളികൊണ്ട് അവൾ പറഞ്ഞു.
“വെറുതെ… നൊണ പറയുവാ, പറ ചേച്ചി എങ്ങനെ ഇവിടെ എത്തി.”
“എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛൻ ഇവിടെ അഡ്മിറ്റ് ആണ്, ഞാൻ ആ അച്ഛനെ കാണാൻ വന്നതാ. അപ്പോഴാണ് പുറത്തുവെച്ചു അമ്മയെ കണ്ടത്. അമ്മയാ പറഞ്ഞേ മോള് ഇവിടെ ഉണ്ടെന്നു, അങ്ങനെ വന്നതാ. ഇപ്പൊ മനസ്സിലായോ.” അവൾ പറഞ്ഞത് കേട്ട് ആമിയും അമ്മയും പുഞ്ചിരിച്ചു ഞാൻ മാത്രം ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.
എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ. അവൾക്കും അത് ഉണ്ടെന്നു തോന്നുന്നു കാരണം അവൾ ഞാൻ നിക്കുന്ന ഭാഗത്തേക്കെ നോക്കുന്നില്ല എന്നാൽ ബാക്കി രണ്ടു പേരോടും ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്.