അവളുടെ ചില തമാശകൾ കേട്ട് എനിക്ക് തന്നെ ചിരി വന്നു. പക്ഷെ ഞാൻ ആരാ മോൻ ഞാൻ ചിരിക്കുവോ… ഞാൻ ചിരിച്ചാൽ തീർന്നില്ലേ… ഇട്ട വെയിറ്റ് ഒക്കെ വെറുതെ ആവും. അതോണ്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാത്ത പോലെ അവിടെ മാറി ഇരുന്നു.
ഞാൻ അവിടെ ഉണ്ടെന്ന കാര്യം ഇവരൊക്കെ മറന്നെന്നു തോന്നുന്നു. ദൈവമേ ഒരു ഫോൺ കാൾ എങ്കിലും വന്നിരുന്നേൽ അതും ചെവിയിൽ വെച്ച് പുറത്തേക്കു പോകാമായിരുന്നു. അല്ലാത്ത സമയത്ത് ഒക്കെ ഓഫീസിൽ നിന്ന് വിളിയോട് വിളി ആണ്.
എന്നാൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, ഇവൾ വന്നു കഴിഞ്ഞ് റൂമിലെ അന്തരീക്ഷം ആകെ മാറി. നേരത്തെ ആമിയുടെ ചിരിക്ക് ഒരു ജീവൻ ഇല്ലായിരുന്നു എന്നാലിപ്പോ അവൾ നല്ലോണം ചിരിക്കുന്നുണ്ട് അത്പോലെ തന്നെ അമ്മയും ഒന്ന് എനെർജിറ്റിക് ആയി.
ഒരു ഇടിവെട്ടിയ ശബ്ദം കേട്ടാണ് എല്ലാവർക്കും പരിസരബോധം വന്നത്.
“അയ്യോ സമയം 5.30 ആയോ, അമ്മേ ഞാൻ എന്നാൽ ഇറങ്ങട്ടെ ഇനി ബസ് കിട്ടി വീട്ടിൽ എത്തുമ്പോൾ 7 മണി കഴിയും.” നയന വാച്ചിൽ നോക്കികൊണ്ട് വെപ്രാളത്തോടെ പറഞ്ഞു.
“ആഹ് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല എന്നാൽ മോള് ഇറങ്ങാൻ നോക്ക്. ഇനിയിപ്പോ ബസ് കിട്ടാൻ ടൗണിൽ പോകണ്ടേ?”
“വേണം അതാ പ്രശ്നം. ലേറ്റ് ആയി.”
“എന്നാൽ ഒരു കാര്യം ചെയ്യാം, മോളെ ഇവൻ കൊണ്ടുചെന്ന് ആക്കും. ഡാ മോളെ കൊണ്ടുപോയി വീട്ടിൽ ആക്കി വാ നീ.” അമ്മ എന്നെ നോക്കി പറഞ്ഞു.
“ങേ… ഞാ.. ഞാനോ..”
“ആ ഞാൻ തന്നെ.. എന്താ..”
“അത് വേണ്ടമ്മേ ഞാൻ പൊയ്ക്കോളാം അതൊക്കെ ബുദ്ധിമുട്ട് അല്ലേ.” എന്റെ നിൽപ്പ് കണ്ടാവും അമ്മയോട് അവൾ അങ്ങനെ പറഞ്ഞത്.
“എന്ത് ബുദ്ധിമുട്ട്, മോള് അമ്മ പറയണത് കേൾക്ക്. ഇനിയിപ്പോ ബസ് കിട്ടി മോളെപ്പോ വീട്ടിൽ എത്താനാണ്. പോരാത്തേന് നല്ല മഴക്കാറും. താമസിച്ചാൽ അച്ഛനും ടെൻഷൻ ആവില്ലേ.” അമ്മ അത് പറഞ്ഞതും അവൾ ഒന്ന് ആലോചിച്ചു.
“ഡാ ചെല്ല്, ഇനിം നിന്ന് താമസിക്കണ്ട.”