അതൊരു ഓർഡർ ആയിരുന്നു. ചില കാര്യങ്ങൾ അങ്ങനെ ആണ്, നമുക്ക് അനുസരിച്ചേ പറ്റു അതിപ്പോ നമുക്ക് ഇഷ്ടം ആണേലും അല്ലേലും.
ഞാനും അവളും തമ്മിൽ ഒന്ന് നോക്കി. ഇവിടെ വന്നിട്ട് ആദ്യായിട്ടാണ് ഞങ്ങൾ തമ്മിൽ ഒന്ന് നേരെ നോക്കിയത് തന്നെ. ഞാൻ ബൈക്കിന്റെ കീ എടുത്തു പുറത്തേക്കു നടന്നു. അവളും ആമിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് എന്റെ പിന്നാലെ ഇറങ്ങി നടന്നു.
“ദൈവമേ എന്താ ഇപ്പൊ സംസാരിക്കണ്ടേ ഇവളോട്. ഒന്നും മിണ്ടാതിരുന്നാൽ മോശം അല്ലേ. ഈ ഒരു ട്വിസ്റ്റ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” ഞാൻ മനസ്സിൽ വിചാരിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
“ഇയാളെന്താ ഇത്ര മസിൽ പിടിക്കണേ. ഒന്ന് ചിരിച്ചൂടെ. ആ അമ്മ എത്ര സന്തോഷത്തോടെ ആണ് എന്നോട് സംസാരിച്ചത്. പിന്നെ അന്ന് എനിക്ക് ഒരു അബദ്ധം പറ്റി, പിള്ളേരെല്ലാം കൂടി കളിക്കണത് കണ്ടപ്പോ ഒരു പൂതി തോന്നി ഞാനും കളിക്കാൻ കൂടിയതാ. അടിച്ചത് ഗോൾ പോസ്റ്റിലേക്ക് ആണെങ്കിലും കൊണ്ടത് ഈ മരങ്ങോടന്റെ വണ്ടിയിൽ ആയിപോയി. ഇയാൾ മാത്രം ആയിരുന്നു വണ്ടിയിൽ എങ്കിൽ ഞാൻ ഓടി തള്ളിയേനെ, പക്ഷെ അമ്മയേം ആമിയേം കണ്ടാണ് ഞാൻ ഓടി ചെന്നത്. ഒന്നും പറ്റാഞ്ഞത് ഭാഗ്യം. തെറ്റ് എന്റെ ഭാഗത്ത് ആണ് എന്നാലും ഒന്നും പറ്റില്ലല്ലോ ഇനിയും അതൊക്കെ മനസ്സിൽ ഇട്ട് ഇരിക്കണോ?” നയന ഓരോന്ന് മനസ്സിൽ ആലോചിച്ചു അരവിന്ദിനെ അനുഗമിച്ചു.
അരവിന്ദ് വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും നല്ല മഴക്കാർ ഇരുണ്ടുകൂടിയിരുന്നു.
“കേറിക്കോ…” അരവിന്ദ് പതിയെ അവളോടായി പറഞ്ഞു.
“ഊഫ്… അവസാനം ഇയാൾ വാ തുറന്നു. ഇത്ര പതിയെ പറയുന്നത് എന്തിനാ സംസാരിച്ചാൽ മുത്ത് പൊഴിയുവോ.” മനസ്സിൽ ഓരോന്ന് ആലോചിച്ചു നയന ബൈക്കിൽ കയറി.
വണ്ടി മുന്നോട്ടു കുതിച്ചോണ്ടേ ഇരുന്നു. ഇടയ്ക്ക് ഞാൻ കണ്ണാടിയിൽ കണ്ടു ദൂരേക്ക് നോക്കി ഇരിക്കുന്ന നയനയുടെ മുഖം.
അവളുടെ ജിമിക്കി കാറ്റിൽ ഇളകി ആടുന്നത് കാണാൻ ഒരു പ്രത്യേക ചേലായിരുന്നു. ഞാൻ അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പെട്ടെന്ന് നയനയും കണ്ണാടിയിലേക്ക് നോക്കി. അത് കണ്ട് അവൻ ഒന്ന് ഞെട്ടി, വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.