: ഷേർളിയോ… അവളെന്താ പറഞ്ഞത്…അന്നാമ്മേ, എന്റെ വണ്ടി അവിടെയുണ്ട്, ഇനിയതവിടെ കിടന്നാൽ കുഴപ്പമാണ്. ഞാനൊരാളെ വിടാം അതെടുക്കാൻ
: വണ്ടിയൊക്കെ അവിടെ നിൽക്കട്ടെ ഹരിയിപ്പോ എവിടാ.. നമുക്ക് നേരിട്ട് സംസാരിക്കാം..പിന്നെ ഹരിക്ക് രക്ഷപ്പെടണമെങ്കിൽ ഇനി ഞാൻ പറയുന്നതുപോലെ നിന്നേ പറ്റൂ… അല്ലെങ്കിൽ സ്വന്തം പെങ്ങളെകൊണ്ട് കയ്യിൽ വിലങ്ങണിയിക്കുന്നത് ഹരിക്ക് കാണേണ്ടി വരും.. നീ ആരാണെന്നൊക്കെ അറിഞ്ഞുതന്നാ ഞാൻ നീയുമായുള്ള ബന്ധത്തിന് തുടക്കമിട്ടത്… പഴയതൊക്കെ നമുക്ക് മറക്കാം. ആദ്യം നമുക്ക് മേരിയെ അടക്കണ്ടേ…. അതുകഴിഞ്ഞ് നീ നിന്റെ പെങ്ങളെയും കൂട്ടി തോട്ടത്തിൽ ബംഗ്ലാവിലേക്ക് വാ. ബാക്കിയൊക്കെ എന്റെ ഇച്ചായൻ പറയും.
: അന്നാമ്മേ… നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ അവളെയെന്തിനാ വലിച്ചിഴക്കുന്നേ…
: പ്രശ്നമോ.. ഹരിയെന്താ ഈ പറയുന്നേ.. ഹരിയെന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുവാ.. എല്ലാം ഞാൻ നേരിട്ട് പറയാം. ഇന്ന് രാത്രി മേരിയുടെ അടക്കിന് വരില്ലേ ഹരി…. ഇവിടെ വന്നാൽ മതി. എന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം കൊച്ചിക്ക്, പോകുമ്പോ നമ്മുടെ വൈഗമോളെയും കൂട്ടാം….
: അന്നാമ്മേ ഞാൻ കൊച്ചിയിലെ വീട്ടിൽ വരാം.. നമുക്ക് എല്ലാം പറഞ്ഞു തീർക്കാം. ഞാനാണ് കൊന്നതെന്ന് പറഞ്ഞ അവളെയെനിക്ക് കാണണം, ആ ഷേർളിയെ..
………………
ഇതേസമയം അവറാച്ചൻ തന്റെ ഫോണെടുത്ത് കറക്കിയത് വൈഗയുടെ നമ്പറിലേക്കാണ്. അവറാച്ചന്റെ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയ വൈഗയുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഏട്ടനെ അഴിക്കുള്ളിലാക്കാനുള്ള എല്ലാ തെളിവുകളും അവറാച്ചൻ നിരത്തിയപ്പോൾ വൈഗയ്ക്ക് അവറാച്ചനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ അവസരം മുതലാക്കിയ അവറാച്ചൻ സന്ധി സംഭാഷണത്തിന് വൈഗയെക്കൂടി വീട്ടിലേക്ക് ക്ഷണിച്ചു. അവറാച്ചനുമായി സംസാരിച്ചയുടനെ വൈഗ പോയത് ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. രണ്ടുപേരുംകൂടി ഹരിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
സന്ധ്യയോടുകൂടി കൊച്ചിയിൽ വന്നിറങ്ങിയ ബ്ലെസ്സിയെ സ്വീകരിക്കാനായി അന്നാമ്മ അയച്ച വണ്ടിയിൽ കയറി ബ്ലെസ്സി മൂന്നാറിലേക്ക് യാത്രതിരിച്ചു. രാത്രിയോടെ മൂന്നാറിലെത്തിയ ബ്ലെസ്സി തന്റെ പെറ്റമ്മയുടെ മുഖം കണ്ട് വിങ്ങിപ്പൊട്ടി. അന്നാമ്മയുടെ എസ്റ്റേറ്റിന്റെ ഒരു കോണിൽ മേരിക്കായി അന്ത്യവിശ്രമമൊരുക്കിയ ശേഷം അന്നാമ്മ ബ്ലെസ്സിയെ നെഞ്ചോട് ചേർത്തുപിടിച്ചു…
: കരയല്ലേ മോളേ… ദൈവം ചിലരെ നേരത്തെ വിളിക്കും. ഏതോ ഒരുത്തൻ ചവച്ചുതുപ്പിയശേഷം കൊന്നതാണ് നമ്മുടെ മേരിയെയെന്ന് ഈ സമൂഹം അറിയരുത്. അതല്ലേ അന്നാമ്മച്ചി ഇവിടെ കല്ലറയൊരുക്കിയത്. മോളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് ഇനി മോൾക്കുള്ളതാ..