: സത്യമാണോ ഇതൊക്കെ…
: മാഡത്തിനോട് സത്യം പറഞ്ഞാലല്ലേ എന്റെ പെട്ടിയിൽ പണം വീഴു…
: അപ്പൊ അവൻ എല്ലാം അറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ….
: വൈഗയുമായി ഫോണിൽ സംസാരിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ തെണ്ടിത്തരങ്ങളുടെയും കണക്ക് അയാളുടെ കയ്യിലുണ്ട്. ചതിയും വഞ്ചനയും നാടറിയാതിരിക്കാൻ നിങ്ങൾ നടത്തിയ കൊലകൾ വരെ അയാൾക്കറിയാം. പക്ഷെ അയാൾക്ക് ഇപ്പൊ വേണ്ടത് ബ്ലെസ്സിയെ ആണ്.. അതിനായി പല കളികളും പ്ലാൻ ചെയ്യുന്നുണ്ട്…
: ഓക്കേ… സ്വപ്ന ഒരു കാര്യം ചെയ്യണം, ഇനിമുതൽ ഹരിയുടെ എല്ലാ നീക്കങ്ങളും അപ്പപ്പോൾ എന്നെ അറിയിക്കണം. അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്… അച്ഛൻ പോയ വഴിയേ പറഞ്ഞയക്കാം ഞാൻ രണ്ടിനെയും..
: ഓക്കേ മാഡം.. ഹരി വരുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം
ഹരിയുടെ ഓഫീസിൽ നിന്നും വണ്ടിയെടുത്ത അന്നാമ്മയുടെ തല പെരുക്കുന്നുണ്ട്. വണ്ടിയിലാണെങ്കിൽ വെള്ളവും കരുതിയിട്ടില്ല. ആകെ അസ്വസ്ഥത തോന്നിയ അന്നാമ്മ അടുത്ത് കണ്ട ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. പുറത്തിറങ്ങിയ അന്നാമ്മ തലകറങ്ങി വീഴുമെന്നായപ്പോൾ കടയിലെ വൃദ്ധ ദമ്പതിമാർ അവരെ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. വെള്ളവുമായി വന്ന സ്ത്രീ കുപ്പി തുറന്ന് അന്നാമ്മയ്ക് നേരെ നീട്ടി…. മതിവരുവോളം വെള്ളം കുടിച്ച അവർ അൽപനേരം കടയിൽ തന്നെയിരുന്ന് ക്ഷീണം മാറിയ ശേഷമാണ് പോകാനായി ഒരുങ്ങിയത്. വെള്ളക്കുപ്പിയുടെ പൈസ വച്ച് നീട്ടിയതും പ്രായമായ ആ മനുഷ്യൻ അത് നിരസിച്ചു..
: മടിക്കുത്തഴിച്ചും കൂട്ടികൊടുത്തും നീയുണ്ടാക്കിയ കാശെനിക്ക് വേണ്ട…അന്ന ഇപ്പോ പോ …
: നിങ്ങൾ…
: ഞാൻ ആരാണെന്ന് സമയമാകുമ്പോ നീ അറിയും.
വണ്ടിയിൽ കയറിയ അന്നാമ്മയുടെ കണ്ണുകളിൽ ഇരുട്ട് കയറി. എന്തെല്ലാമാണ് ഈ സംഭവിക്കുന്നത്. ഒരു ചായക്കടക്കാരൻ വരെ അന്നാമ്മയെ ഭീഷണിപ്പെടുത്തുന്നു. ആരാണ് അയാൾ..? ഇനി സ്വപ്ന പറഞ്ഞപോലെ ഇതെല്ലം ഹരിയുടെ പ്ലാനിന്റെ ഭാഗമാണോ…?
വീട്ടിൽ തിരിച്ചെത്തിയ അന്നാമ്മ ആകെ അസസ്‌ഥയായി അവറാച്ചന്റെ അരികിലേക്കാണ് പോയത്. അന്നാമ്മ അറിഞ്ഞതും ഊഹിച്ചതുമായ കാര്യങ്ങൾ അവറാച്ചനോട് വിശദീകരിച്ച് കഴിയുമ്പോഴേക്കും അവരുടെ ശരീരം മുഴുവനും വിയർത്തു. ഇതുവരെ അന്നാമ്മയിൽ ഇല്ലാതിരുന്ന ഭയമാണ് അവറാച്ചന് അവളുടെ മുഖത്ത് നോക്കുമ്പോൾ കാണാൻ കഴിഞ്ഞത്.