അരവിന്ദനയനം 3
Aravindanayanam Part 3 | Author : 32B | Previous Part
എന്റെ ചങ്ക് പിടച്ചു. വേഗം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. അത് കണ്ട ഞാൻ തകർന്ന് പോയി.
ആമിയും നയനയും കൂടി ചാറ്റ് ചെയ്തേക്കുന്നു. ഹോസ്പിറ്റലിൽ എല്ലാരും കൂടി ഇരിക്കുന്ന ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊന്നും പോരാത്തതിന് ഞാൻ കിടന്നു ഉറങ്ങുന്ന ഫോട്ടോയും അവൾ അയച്ചിട്ടുണ്ട്.
ചതിച്ചല്ലോ…
ഞാൻ വേഗം ഒരു ഹായ് അയച്ചു. കുറച്ച് നേരം നോക്കി ഇരുന്നു. അവൾ ഓൺലൈൻ ഇല്ല. ഞാൻ ഫോൺ വെച്ചിട്ട് ബാത്റൂമിൽ ഒക്കെ പോയി വന്നു. അപ്പോഴേക്കും മെസ്സേജ് വന്നിട്ടുണ്ട്. ഞാൻ എടുത്തു നോക്കി.
“ഹായ് ആമീസ്…” ഞാൻ ആമി ആണെന്ന് കരുതി കാണും.
“ഞാൻ ആമി അല്ല. അരവിന്ദ് ആണ്.” റിപ്ലൈ അയച്ചു കഴിഞ്ഞപ്പോൾ ആമിയോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. എന്ത് പറഞ്ഞു മെസ്സേജ് അയക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഞാൻ. അവൾ എന്തായാലും ആ ബുദ്ധിമുട്ട് മാറ്റി തന്നു.
“അയ്യോ സോറി…അരവിന്ദേട്ടൻ എഴുന്നേറ്റോ? നല്ല ഉറക്കം ആരുന്നല്ലോ. ആമി ഫോട്ടോ എടുത്തു അയച്ചിരുന്നു.”
അത് ഒരു തുടക്കം ആയിരുന്നു. എന്തൊക്കെ സംസാരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. രാത്രി 1 മണി വരെ ഒരേ ചാറ്റിങ്.
നടന്നത് സ്വപ്നമാണോ എന്നൊരു സംശയം മാത്രം ആയിരുന്നു ബാക്കി. കാരണം എനിക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ അറിയില്ലായിരുന്നു. അത്കൊണ്ട് തന്നെ എനിക്ക് പെൺ സുഹൃത്തുക്കൾ ആരും തന്നെ ഇല്ലായിരുന്നു. എന്റെ കമ്പനി മുഴുവൻ ആണുങ്ങൾ തന്നെ ആയിരുന്നു.
അതിൽ എനിക്ക് നഷ്ടബോധം ഒന്നും ഇല്ല. എനിക്ക് പെണ്ണെന്നാൽ അമ്മയും ആമിയും ആണ്. അവർക്കപ്പുറം ഉള്ളവരോടൊന്നും ഞാൻ അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ആ ഞാൻ ആണ് ഇപ്പൊ ഒരു പെണ്ണിനോട് അതും ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ പോരെടുത്ത ഒരു പെണ്ണിനോട് ഇത്ര നേരം ഉറക്കം പോലും കളഞ്ഞ് സംസാരിച്ചത്.