“എന്റെ പൊന്നോ പറയാം ആദ്യം നീ ആ കട്ടിലെന്നു ഇങ് ഇറങ്ങു.”
ആമി കട്ടിലിൽ നിന്ന് ഇറങ്ങി മേശമേൽ കേറി കഥ കേൾക്കാൻ റെഡി ആയി ഇരുന്നു.
പിന്നെ ഞാൻ ഒട്ടും താമസിപ്പിച്ചില്ല. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടത് മുതൽ ഇങ്ങോട്ട് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് അവൾ വാ പൊളിച്ചു ഇരുന്നു.
“ദുഷ്ടാ.. ഇത്ര ഒക്കെ ഉണ്ടായിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞോ എന്നിട്ട് ഇപ്പൊ വല്യമ്മയെ സോപ് ഇടാൻ ഞാൻ വേണം അല്ലേ.” അവൾ മേശയിൽ നിന്ന് ചാടി ഇറങ്ങി എന്നെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
“എടി എടി ഞാൻ പറയട്ടെ. ഞാൻ അറിഞ്ഞോ നിനക്ക് അവളെ ഇഷ്ടം ആണെന്ന്. അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇത് പണ്ടേ പറഞ്ഞേനെ നിന്നോട് സത്യം…”
“വേണ്ട വേണ്ട ഇനി താൻ ഒന്നും പറയണ്ട…” അവൾ എന്റെ മുടി പിടിച്ചു വലിച്ചു കുടഞ്ഞു.
“ആഹ്ഹ് എടി ദ്രോഹീ…”
“എന്തോന്നാ പിള്ളേരെ ഇത്. കണ്ണ് തെറ്റിയ രണ്ടും കൂടി അടിയാണല്ലോ. ചോറ് വിളമ്പി വെച്ച് എത്രനേരം കാത്ത് ഇരിക്കണം രണ്ടിനേം. പൊയ്‌ക്കെ അങ്ങോട്ട് പോയി എടുത്തു കഴിക്കാൻ നോക്ക് എന്നിട്ടാവാം ബാക്കി അടി.”
അമ്മയുടെ രംഗപ്രവേശം കണ്ട് ഞങ്ങൾ രണ്ടും ഞെട്ടി. ദൈവമേ എല്ലാം കേട്ടു കാണുവോ.. എയ്..
പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല നേരെ പോയി ഡൈനിങ്ങ് ടേബിൾ കയ്യടക്കി. അമ്മയും വന്നു ഞങ്ങളുടെ കൂടെ ഇരുന്നു. എല്ലാരും കഴിക്കാൻ തുടങ്ങി.
അമ്മയോട് പറയാൻ ഞാൻ ആമിയോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു. ഒരു തുടക്കം കിട്ടാതെ കേറി പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി.
“വല്യമ്മേ… ഈ ആഴ്ച ഏട്ടന് പെണ്ണുകാണൽ ഒന്നൂല്ലേ?”
“ഈ ആഴ്ചത്തെ കാര്യം ഒന്നും ബ്രോക്കർ പറഞ്ഞില്ല മോളെ. അതെങ്ങനാ ഇവനും കൂടി ഒരു ബോധം വേണ്ടേ. ഇത് ഞാൻ ഇങ്ങനെ വഴിപാട് നേരുന്ന പോലെ പറഞ്ഞോണ്ട് ഇരിക്കുന്നു എന്നല്ലാതെ ഇവന് ഒരു കുലക്കോം ഇല്ല.”