“ഏഹ്ഹ് അത് നിനക്ക് എങ്ങനെ അറിയാം?”
“അ.. അല്ല.. അന്ന് വീട്ടിൽ കൊണ്ടാക്കാൻ പോയപ്പോൾ ഞാൻ ആ പെണ്ണിന്റെ അച്ഛനോട് സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളി പറഞ്ഞാരുന്നു ഒന്നും ആയില്ലെന്ന്.” ഞാൻ ഒന്ന് പരുങ്ങി.
“ഹ അത് എപ്പഴാ.. അതൊക്കെ കഴിഞ്ഞിട്ട് എത്ര നാളായി. അതിനിടയിൽ ഏതെങ്കിലും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”
“അതൊന്നും സാരമില്ല വല്യമ്മേ. എന്തായാലും നാളെ പോയി നോക്കാം. പെണ്ണ് കാണാൻ വന്നത് ആണെന്ന് ആദ്യമേ പറയണ്ട. വല്യമ്മ അന്ന് നമ്മൾ കല്യാണത്തിന് പോയ വീട്ടിൽ പോയ വഴി വന്നത് ആണെന്ന് പറഞ്ഞാൽ മതി. എല്ലാം ചോദിച്ചു അറിഞ്ഞു കഴിഞ്ഞ് കുഴപ്പൊന്നും ഇല്ലെങ്കിൽ കാര്യം പറഞ്ഞാൽ മതി.” വീണ്ടും ആമിയുടെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു.
“എടി പാറു നീ ആള് കൊള്ളാലോ. എന്തൊക്ക കുരുത്തക്കേട് ആണ് തലക്കുള്ളിൽ.” അമ്മക്ക് അവൾടെ ഐഡിയ കേട്ട് ആശ്ചര്യം തോന്നി. എനിക്ക് അഭിമാനവും ആശ്വാസവും.
“ഇതൊക്കെ എന്ത്… ആമിയുടെ ബുദ്ധികൾ കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.”
എല്ലാവരും ചിരിച്ചുകൊണ്ട് തന്നെ എഴുനേറ്റു കൈ കഴുകി.
ഉറങ്ങാനായി വീട്ടിലേക് പോകുന്നതിനു മുന്നേ ആമി വന്നു എന്റെ അരികിൽ.
“എങ്ങനുണ്ടാരുന്നു ആമിമോൾടെ പെർഫോമൻസ്..?”
ഞാൻ അവൾടെ രണ്ട് വശത്തും പിന്നി ഇട്ട മുടിയിൽ പിടിച്ചു അവളെ വട്ടം കറക്കി..
“സമ്മതിച്ചിരിക്കുന്നു. നീ സൂപ്പർ ആണ്. ഇത്ര പെട്ടന്ന് ഇത് നടക്കും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ എനിക്ക് എന്തോ ഞാൻ അമ്മയെ പറ്റിക്കുവല്ലേ എന്നൊരു തോന്നൽ. ശെരിക്കും ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ അമ്മയോട് പറഞ്ഞിരുന്നേൽ തന്നെ അമ്മ സമ്മതിച്ചേനെ. ഇല്ലേ? ഇതിപ്പോ എനിക്ക് ഒരു കുറ്റബോധം പോലെ.”
“മം.. അത് ശെരിയാണ്.” ആമി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടന് വിഷമം ആകുവോ?”
“എന്താടി? നീ പറഞ്ഞോ.”
ഒരു നിമിഷം അവൾ എന്നെ തന്നെ നോക്കി.
“ഏട്ടൻ ശെരിക്കും വല്യമ്മയെ മനസ്സിലാക്കിട്ടില്ല ഇത് വരെ. വല്യമ്മ ഏട്ടനെ വഴക്കിടും എങ്കിലും ഏട്ടന്റെ ഏതെങ്കിലും ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ?