“ആഹ് ഇനി പറ എന്താ നിന്റെ പ്രശ്നം?”
“നിനക്ക് എങ്ങനെ അറിയാം പ്രശ്നം ഉണ്ടെന്നു?”
“അതിനു വല്യ വിവരം ഒന്നും വേണ്ട ഒരാളുടെ മുഖം കണ്ടാൽ അറിഞ്ഞുടെ. നീ കെടന്നു ഉരുളാതെ കാര്യം പറ.”
“അത് വേറൊന്നും അല്ല, നയന വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു. അവളുടെ ശബ്ദം കേട്ടിട്ട് എനിക്കെന്തോ ഒരു പന്തികേട് തോന്നി അതാ.”
“നീ അവളോട് പറഞ്ഞോ ഇഷ്ടാണെന്ന്?”
“എയ്… എനിക്ക് ഇതുവരെ അതിനുള്ള ധൈര്യം വന്നില്ല.”
“ഒന്ന് പോയെടാ… നീ ഇങ്ങനെ ഇരുന്നോ അവസാനം പെണ്ണുകാണാൻ വരുന്ന ഏതേലും ഒരുത്തനെ അവൾ കെട്ടും നീ പിന്നേം ഇങ്ങനെ ഇരിക്കും.
ഡാ ഇഷ്ടാണെന്ന് പറയണത് അത്ര മോശം കാര്യം ഒന്നുമല്ല. അത് പറയണ രീതി മാന്യമാവണം അത്രേ ഉള്ളു. പിന്നെ അവരുടെ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ അതിനെ ഉൾക്കൊണ്ടു മാറി കൊടുക്കണം അത്രേ ഉള്ളു. നീ ഒന്ന് ആലോചിച്ചു നോക്ക്, നീ നിന്റെ ഇഷ്ടം അവളോട് പറഞ്ഞില്ല ഒരുപക്ഷെ കൊറേ വർഷങ്ങൾ കഴിഞ്ഞ് നീ ഇത് ആലോചിക്കുമ്പോൾ നിനക്ക് തോന്നും അന്ന് ചെയ്‌തത് വൻ മണ്ടത്തരം ആയെന്നു. നീ കൊറച്ച്കൂടി ധൈര്യം കാണിച്ചിരുന്നേൽ അവൾ ചെലപ്പോ നിന്റെ ഭാര്യ ആയി വന്നേനെ എന്ന്. ആ കുറ്റബോധം അപ്പൊ തോന്നാതെ ഇരിക്കണം എങ്കിൽ ഇപ്പൊ നീ കുറച്ച് ധൈര്യം കാണിച്ചേ പറ്റു.”
“നീ പറഞ്ഞത് വെച്ച് അവൾ നല്ലൊരു കുട്ടിയാണ്, നിന്റെ ഇഷ്ടം പറഞ്ഞെന്ന് വെച്ച് അവൾ നിന്നെ ഇട്ടിട്ട് പോകും എന്നൊന്നും എനിക്ക് തോന്നണില്ല. നീ നല്ലൊരു അവസരം നോക്കി കാര്യം പറ. യെസ് ആണേലും നോ ആണേലും ഇതിനൊരു തീരുമാനം വേണ്ടേ. ഒരു ചേട്ടനായി നിന്ന് അവളുടെ കല്യാണം നടത്തികൊടുക്കണോ അതോ ഒരു ജീവിതകാലം മൊത്തം അവളെ കൂടെ കൂട്ടണോ എന്ന് നീ ആലോചിക്ക്”
ബിനോയിയുടെ വാക്കുകൾ എനിക്ക് ഒരു പുത്തൻ ഉണർവ്വ് ആയിരുന്നു. പക്ഷേ എന്റെ ഇൻട്രോവെർട്ട് തെണ്ടി ഉണർവിനെ കെടുത്തുന്നതിനു മുന്നേ അവളോട് കാര്യം അവതരിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു.