************
“കാത്തിരുന്നു മടുത്തോ?”
പെട്ടെന്നുള്ള ചോദ്യം കേട്ട് നയന തിരിഞ്ഞു നോക്കി…അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അരവിന്ദിനെ ആണ് കണ്ടത്.
നിമിഷ നേരം കൊണ്ട് അവളുടെ മുഖത്ത് ആശ്വാസം മിന്നി മറഞ്ഞു അത് നിരാശയായി മാറുന്നത് അരവിന്ദ് കണ്ടു.
“ലേറ്റ് ആവല്ലേ എന്നു ഞാൻ പറഞ്ഞതല്ലേ” അവൾ ദേഷ്യത്തോടെ ചോദിച്ചു.
“അയ്യോ സോറി സർ.. മെട്രോയുടെ പണി നടക്കുന്ന കൊണ്ട് ചെറിയ ബ്ലോക്ക് കിട്ടി അതാ ലേറ്റ് ആയെ.. അല്ല ആകെ 15 മിനിറ്റ് അല്ലേ ലേറ്റ് ആയുള്ളൂ”
“ഉവ്വ… എല്ലാത്തിനും കൊറേ ന്യായം പറച്ചിൽ ആണ്..” അവൾ അവന്റെ മുഖത്ത് നോക്കാതെ പിറുപിറുത്തു.
“നല്ല ദേഷ്യത്തിൽ ആണല്ലോ… വാ നമുക്ക് ഒരു റൗണ്ട് ആ മറൈൻ ഡ്രൈവിൽ കൂടി നടന്നിട്ട് വരാം.” അവളെ ഒന്ന് തണുപ്പിക്കാൻ ആയി അരവിന്ദ് പറഞ്ഞു.
അവൻ ബൈക്ക് പാർക്ക് ചെയ്തിട്ട് അവളുടെ അടുത്തേക്ക് നടന്നു.
ദൂരേയ്ക്ക് നോക്കി എന്തോ ചിന്തിച്ചു നിൽക്കുന്ന നയനയെ ആണ് അരവിന്ദ് കണ്ടത്.
“ഇവൾക്ക് എന്തോ കാര്യമായിട്ട് പറ്റിട്ടുണ്ടല്ലോ.. ആകെ ഒരു മ്ലാനത.. പതുക്കെ ചോദിച്ചു നോക്കാം..” അരവിന്ദ് നയനയെ തന്നെ നോക്കികൊണ്ട് അവളുടെ അടുത്തെത്തി.
“എന്താടോ ആകെ ഡിസ്റ്റ്ബ്ഡ് ആണല്ലോ. എന്ത് പറ്റി?”
“വാ നമുക്ക് ഒന്ന് നടക്കാം…” അവന്റെ ചോദ്യം അവഗണിച്ചുകൊണ്ട് അവൾ മുന്നേ നടന്നു… അവൻ പിന്നാലെയും..
തിരക്ക് കുറഞ്ഞ ഒരിടം എത്തിയതും നയന ഒന്ന് നിന്നു.
“അരവിന്ദേട്ടാ… നാളെ എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.” നെഞ്ചിൽ ഇടിത്തീ വീണത് പോലെ ആണ് അരവിന്ദ് അത് കേട്ടത്. എന്തൊക്കെയോ അവന് അവളോട് ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
“മം..അതിനാണോ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്? പെണ്ണുകാണൽ അല്ലേ അവർ വന്നു കണ്ടിട്ട് പോട്ടെടോ അതിനിപ്പോ എന്താ. ഇതിനു മുന്നേയും പെണ്ണുകാണാൻ വന്നിട്ടില്ലേ നിന്നെ.” അവൻ സമനില വീണ്ടെടുത്തുകൊണ്ട് ചോദിച്ചു.
അത് കേട്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.