അരവിന്ദനയനം 4 [Climax]

Posted by

റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു.

“ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?” ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

“എന്താവാൻ… സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷെ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ പറഞ്ഞില്ല. അതോർത്തു എനിക്കിപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു.”

“ങേ.. ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞില്ലേ? പിന്നെ ഇയാൾ എന്താ പറഞ്ഞത്? ഇതൊന്നും പറയാതെ അമ്മ എങ്ങനെ സമ്മതിച്ചു?” നയനയ്ക്ക് ആകെ കൺഫ്യൂഷൻ ആയി.

“ഹ പറയട്ടെ. നീ തോക്കിൽ കേറി വെടിവെക്കാതെ. ഞാൻ എല്ലാം തുറന്ന് പറയാം എന്ന് തന്നെ ആണ് കരുതിയത് പക്ഷേ ഇനിയിപ്പോ എന്തെങ്കിലും ഒരു കാര്യത്തിന് അമ്മക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ചെലപ്പോൾ എനിക്ക് ഈ ഒറ്റ രാത്രികൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ചെലപ്പോ ബുദ്ധിമുട്ട് ആവും. അങ്ങനെ വന്നാൽ നാളെ എനിക്ക് പകരം നിന്നെ കാണാൻ വരുന്നത് നിന്റെ അച്ഛൻ കണ്ടുവെച്ച ടീം ആവും. അഥവാ നമ്മടെ കഷ്ടകാലത്തിനു അതെങ്ങാനും വാക്കാൽ ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്നൊക്കെ ഊരുന്നത് വല്യ ബുദ്ധിമുട്ട് ആവും. അത്കൊണ്ട് ഞാൻ ആമിയെക്കൊണ്ട് അമ്മയോട് പറയിച്ചു എനിക്ക് വേണ്ടി നിന്നെ ആലോചിച്ചാലോ എന്ന്.” ഞാൻ ഒന്ന് പറഞ്ഞു നിർത്തി.

“അയ്യോ.. എന്നിട്ട്? ഇത് ഇനി എങ്ങാനും അമ്മ സത്യം അറിഞ്ഞാൽ അമ്മക്ക് വിഷമം ആവില്ലേ അരവിന്ദേട്ടാ? ഞാനും ഇതിനൊക്കെ കൂട്ട് നിന്നു എന്നറിഞ്ഞാൽ അമ്മക്ക് എന്നോട് ദേഷ്യം തോന്നില്ലേ..?” നയനയുടെ ശബ്ദത്തിൽ നിരാശയും ഭയവും കലർന്നിരുന്നു.

“നീ ടെൻഷൻ അടിക്കണ്ട, നമ്മടെ ആദ്യത്തെ ഉദ്ദേശം നാളെ അച്ഛൻ കണ്ടുവെച്ച ആളുകൾ നിന്നെ കാണാൻ വരുന്നതിനു മുന്നേ തന്നെ ഇത് വന്ന് ഉറപ്പിക്കണം. അത്‌ കഴിഞ്ഞാൽ നമുക്ക് പതുക്കെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അമ്മക്ക് എന്തായാലും മനസ്സിലാവും. മാത്രമല്ല നിന്നെപ്പറ്റി പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്.” അരവിന്ദ് പറഞ്ഞത് കേട്ട് നയനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *